റിയാദ് : ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനം പിന്‍വലിക്കാന്‍ സൗദി ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നതോടെ ഹജ്ജ് വേണ്ടെന്ന് വെക്കുന്നതിനെ കുറിച്ച്‌ ആലോചിക്കാന്‍ കാരണമായതെന്ന് ഹജ്, ഉംറ തീര്‍ത്ഥാടനവുമായി സൗദി മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയതായി ബ്രിട്ടീഷ് മാധ്യമമായ ‘ഫിനാന്‍ഷ്യല്‍ ടൈംസി’നെ ഉദ്ധരിച്ച്‌ ‘ഗള്‍ഫ് ന്യൂസ് ‘റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇത്തവണത്തെ ഹജ്ജ് യാത്ര വിലക്കണമോ എന്നതു സംബന്ധിച്ച്‌ ചര്‍ച്ച നടത്തും, തീര്‍ത്ഥാടകരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതും പരിഗണനയിലുനണ്ട്. ഇതുമായി ബന്ധപ്പെട്ട് വിവിധ സാഹചര്യങ്ങള്‍ കണക്കിലെടുക്കുകയാണെന്നും ഒരാഴ്ചക്കുള്ളില്‍ ഔദ്യോഗിക തീരുമാനം ഉണ്ടാകുമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ വര്‍ഷം ജൂലൈയിലാണ് ഹജ്ജ് സീസണ്‍ തുടങ്ങുന്നത്. ഒരു വര്‍ഷം 20 ലക്ഷത്തിലധികം തീര്‍ത്ഥാടകരാണ് ഹജ്ജിനായി സൗദിയിലെത്തുന്നത് ഹജ്ജ് യാത്ര പിന്‍വലിച്ചാല്‍ 1932 ല്‍ സൗദി അറേബ്യ സ്ഥാപിതമായതിനു ശേഷം ആദ്യമായി എടുക്കുന്ന നടപടിയായിരിക്കുമിത്.