വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊവിഡ് വ്യാപനം കൂടുതല്‍ രൂക്ഷമാകുമെന്ന് ആരോഗ്യവിദഗ്ദ്ധരുടെ മുന്നറിയിപ്പ്. ജോര്‍ജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങളും കൊവിഡ് നിയന്ത്രണങ്ങളില്‍ വരുത്തിയ ഇളവുകളുമാണ് ഭീഷണിയാവുന്നത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അമേരിക്കയില്‍ ആറിലധികം സംസ്ഥാനങ്ങളിലാണ് രോഗികളുടെ എണ്ണത്തില്‍ പ്രകടമായ വര്‍ദ്ധനവ് രേഖപ്പെടുത്തിയത്. അരിസോണ, ഉട്ട, ന്യൂ മെക്സിക്കോ എന്നീ സംസ്ഥാനങ്ങളില്‍ 40 ശതമാനവും ഫ്ലോറിഡ, അര്‍ക്കന്‍സാസ്, സൗത്ത് കരോലിന, നോര്‍ത്ത് കരോലിന എന്നിവിടങ്ങളില്‍ 30 ശതമാനവും വര്‍ദ്ധനവുണ്ടായി. ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും കൂടി. ഇത് ഇനിയും വര്‍ദ്ധിക്കുമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്.
ജോര്‍ജ് ഫ്ലോയ്ഡിന്റെ മരണത്തെ തുടര്‍ന്ന് രാജ്യത്ത് അരങ്ങേറിയ വ്യാപക പ്രതിഷേധത്തില്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ആയിരങ്ങളാണ് അണിനിരന്നത്. അതോടൊപ്പം നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും തിരിച്ചടിയാവുകയാണ്.