തിരുവനന്തപുരത്തെ പ്രമുഖ വ്യാപാര കേന്ദ്രമായ രാമചന്ദ്രയില്‍ കൊവിഡ് പ്രോട്ടോകോള്‍ ലംഘനം. തമിഴ്‌നാട്ടിന്‍ നിന്നെത്തിച്ച ജീവനക്കാരെ നിരീക്ഷണത്തിലാക്കാതെ മറ്റു ജീവനക്കാര്‍ക്കൊപ്പം ഹോസ്റ്റലില്‍ താമസിപ്പിച്ചു. വിവരങ്ങള്‍ ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തില്ല. പരാതി തുടര്‍ന്ന് 29 ജീവനക്കാരെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റി. രാമചന്ദ്രയ്ക്കെതിരെ ഫോര്‍ട്ട് പൊലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസമാണ് തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുമുള്ള 29 ജീവനക്കാരെ രാമചന്ദ്ര മാനേജ്മെന്റ് തിരുവനന്തപുരത്തെത്തിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുമ്ബോള്‍ കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിര്‍ദേശം രാമചന്ദ്ര പാലിച്ചില്ല. കൂടാതെ ഈ ജീവനക്കാരെ മറ്റു ജീവനക്കാര്‍ക്കൊപ്പം ഹോസ്റ്റലില്‍ പാര്‍പ്പിക്കുകയും ചെയ്‌തു. ഇരുനൂറിലധികം ജീവനക്കാര്‍ക്കൊപ്പമാണ് ഇവരെ പാര്‍പ്പിച്ചത്. പത്മ നഗര്‍ റസിഡന്‍സ് അസോസിയേഷന്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഫോര്‍ട്ട് പൊലീസ് കേസെടുത്തത്. പൊലീസ് പരിശോധനയില്‍ 29 പേര്‍ ഇന്നലെ എത്തിയതിയതാണെന്ന് കണ്ടെത്തി. ഇതോടെ ഫോര്‍ട്ട് പൊലീസ് രാമചന്ദ്ര മാനേജ്മെന്റിനെതിരെ കൊവിഡ് പ്രോട്ടോകോള്‍ ലംഘനത്തിന് കേസെടുത്തു.

തുടര്‍ന്ന് ജില്ലാ ഭരണകൂടത്തെ വിവരമറിയിച്ചു. ഇന്ന് രാവിലെയോടെ 29 ജീവനക്കാരെയും അട്ടകുളങ്ങരയിലെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. അതേസമയം, ഇവരില്‍ അഞ്ച് പേര്‍ രാമചന്ദ്രയുടെ പഴയ ഗോഡൗണിലെത്തിയെന്ന സംശയത്തെ തുടര്‍ന്ന് ആ പരിസരത്തെ കടകള്‍ അടപ്പിച്ചു. പിന്നീട് ആരോഗ്യപ്രവര്‍ത്തകരെത്തി പരിശോധന നടത്തിയതിന് ശേഷമാണ് കടകള്‍ തുറക്കാന്‍ അനുവദിച്ചത്.