തിരുവനന്തപുരം: കോവിഡ് സ്ഥിരീകരിച്ച് എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എയര്‍ ഇന്ത്യ വനിത പൈലറ്റ് ബിന്ദു സെബാസ്റ്റ്യന്‍ രോഗമുക്തയായി. ഇവരെ ഞായറാഴ്ച ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്തു. വിദഗ്ധ ചികിത്സയ്ക്കുശേഷം രണ്ടു പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായി രോഗമുക്തി നേടിയതിനെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ് ചെയ്തത്.
പ്രവാസികളെ വിദേശ രാജ്യങ്ങളില്‍നിന്നും കൊണ്ടുവരുന്ന വന്ദേ ഭാരത് മിഷന്റെ ഭാഗമായിരുന്നു എറണാകുളം തേവര സ്വദേശിയായ ബിന്ദു സെബാസ്റ്റ്യന്‍. ഏറ്റവും മികച്ച ചികിത്സയാണ് എറണാകുളം മെഡിക്കല്‍ കോളജില്‍നിന്നു ലഭിച്ചതെന്ന് ബിന്ദു സെബാസ്റ്റ്യന്‍ പറഞ്ഞു. പ്രവാസികളെ കൊണ്ടുവരാനുള്ള ദൗത്യത്തില്‍ ഇനിയും പങ്കാളിയാകുമെന്നും ബിന്ദു സെബാസ്റ്റ്യന്‍ വ്യക്തമാക്കി.
യുഎഇയില്‍നിന്നു കേരളത്തിലേക്ക് പ്രവാസികളെ കൊണ്ടുവരാനുള്ള മിഷനില്‍ ബിന്ദു സെബാസ്റ്റ്യനും പങ്കെടുത്തിരുന്നു. അതിനുശേഷം നടന്ന സ്രവ പരിശോധനയിലാണ് കഴിഞ്ഞ ഞായറാഴ്ച ബിന്ദു സെബാസ്റ്റ്യന്‍ രോഗം സ്ഥിരീകരിച്ചത്. ഉടന്‍ തന്നെ എറണാകുളം മെഡിക്കല്‍ കോളജില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ അഡ്മിറ്റാക്കുകയും ചികിത്സ നല്‍കുകയും ചെയ്തു.



