സംസ്ഥാനത്ത് കൊറോണ വൈറസ് പിടിപെട്ട് വയോധിക മരിച്ചു. ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കദീജക്കുട്ടിയാണ് മരിച്ചത്. 73 വയസായിരുന്നു. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം അഞ്ചായി. തൃശൂര്‍ സ്വദേശിയായ കദീജക്കുട്ടി തിങ്കളാഴ്ചയാണ് മുംബൈയില്‍ നിന്നും റോഡ് മാര്‍ഗം കേരളത്തിലെത്തിയത്.

മുംബൈയില്‍ നിന്നും മറ്റു മൂന്ന് പേര്‍ക്കൊപ്പം പാലക്കാട് വഴി പെരിന്തല്‍മണ്ണ വരെ പ്രത്യേക വണ്ടിയിലാണ് കദീജക്കുട്ടി യാത്ര ചെയ്തത്. യാത്രക്കിടയില്‍ ശ്വാസതടസമുണ്ടായതിനെ തുടര്‍ന്ന് മകന്‍ ആംബുലന്‍സിലെത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മെയ് 20 നാണ് ഇവരെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ സ്ഥിതി ഗുരുതരമായതോടെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനിരിക്കെയാണ് മരണം. സ്രവ പരിശോധനയില്‍ ഇവര്‍ക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു.

ഇവര്‍ നേരത്തെ തന്നെ പ്രമേഹത്തിനും രക്താതിസമ്മര്‍ദ്ദത്തിനും ശ്വാസതടസ്സത്തിനും ചികിത്സയിലായിരുന്നു. വയോധികയുടെ പരിശോധന ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് മകനും ആംബുലന്‍സ് ഡ്രൈവറും നിരീക്ഷണത്തിലാണ്. മൂന്ന് മാസം മുന്‍പാണ് കദീജക്കുട്ടി മഹാരാഷ്ട്രയിലുള്ള മകളുടെ അടുത്തേക്ക് പോയത്.