മാതാപിതാക്കൾക്ക് ബാധ്യതയാകാതെ വിദ്യാഭ്യാസ വായ്പ്പ ഒരു വർഷം കൊണ്ട് അടച്ചുതീർത്തത് എങ്ങനെയെന്ന് വെളിപ്പെടുത്തി യുവതി. യുഎസ്സിലെ സാൻഫ്രാൻസിസ്‌കോയിൽ ജീവിക്കുന്ന സാക്ഷി എന്ന ഇന്ത്യക്കാരിയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. മാസ്റ്റർ ഡിഗ്രി നേടാനായി യുഎസ്സിലേക്ക് പോയ സാക്ഷിക്ക് ഒരു ലക്ഷം ഡോളറാണ് (ഇന്നത്തെ നിരക്കിൽ ഏകദേശം 90 ലക്ഷം രൂപ) വിദ്യാഭ്യാസ വായ്പ്പ ഉണ്ടായിരുന്നത്.

‘എന്റെ ഒരുലക്ഷം ഡോളറിന്റെ വിദ്യാഭ്യാസ വായ്പ്പ ഞാൻ ഒരു വർഷം കൊണ്ട് അടച്ചുതീർത്തു. യുഎസ്സിൽ മാസ്റ്റർ ഡിഗ്രി ചെയ്യാനായി ഞാൻ ആ വായ്പ്പയെടുത്തപ്പോൾ അത് ഏകദേശം 80 ലക്ഷമായിരുന്നു. ഇതിന്റെ ഭാരം എന്റെ മാതാപിതാക്കൾക്കുമേൽ ഉണ്ടാകരുത് എന്ന കാര്യത്തിൽ എനിക്ക് ഉറപ്പുണ്ടായിരുന്നു. എന്റെ രണ്ട് വർഷത്തെ മാസ്റ്റേഴ്‌സ് പഠനകാലത്തുടനീളം ആ ചിന്തയാണ് എനിക്കുണ്ടായിരുന്നത്. ബിരുദം നേടി ഒരുവർഷത്തിനുശേഷം ഇന്റേൺഷിപ്പിന് അപേക്ഷിക്കുമ്പോഴും പുതിയൊരു രാജ്യത്ത് ജീവിതം കെട്ടിപ്പടുക്കുമ്പോഴുമെല്ലാം ഈ വിദ്യാഭ്യാസവായ്പ്പ എന്റെ മനസിലുണ്ടായിരുന്നു.’ -സാക്ഷി പറഞ്ഞു.

‘ആമസോണിലായിരുന്നു എന്റെ ഇന്റേൺഷിപ്പ്. അത് എന്നെ ഒരുപാട് സഹായിച്ചു. കാരണം, അവരെനിക്ക് നല്ലൊരു തുകയാണ് നൽകിയത്. ഞാനൊരു റിസർച്ച് അസിസ്റ്റന്റ് കൂടിയായിരുന്നു. ആ വരുമാനവും എന്നെ സഹായിച്ചു. ഒരു കാര്യം കൂടി പറയട്ടെ, ഞാൻ ഈ കടമ്പ ഒറ്റയ്ക്കല്ല മറികടന്നത്. എന്റെ കുടുംബമാണ് എനിക്ക് കരുത്തേകി ഒപ്പം നിന്നത്. പിന്നെ എന്റെ കാമുകനും ആ വർഷം മുഴുവൻ എനിക്ക് വലിയ പിന്തുണയേകി. പണത്തെ കുറിച്ചോർത്ത് ആധി പിടിച്ചിരിക്കുമ്പോൾ വരുമാനം മാത്രമല്ല, എല്ലാം ഓകെയാകും എന്ന് പറഞ്ഞ് ചേർത്തുപിടിക്കുന്ന ആളുകൾ ചുറ്റുമുണ്ടാകുക കൂടിയാണ് വേണ്ടത്.’ -സാക്ഷി തുടർന്നു.

‘ഞാൻ നിക്ഷേപമൊന്നും നടത്തിയിരുന്നില്ല, സാമ്പത്തികമായി ഒരു നീക്കവും നടത്തിയില്ല, മെച്ചപ്പെട്ട ജീവിതമായിരുന്നില്ല നയിച്ചത്. അച്ചടക്കത്തോടെ ജീവിക്കാൻ ശ്രമിക്കുക മാത്രമാണ് ചെയ്തത്. നന്നായി ജോലി ചെയ്യുക, നന്നായി സമ്പാദിക്കുക, അങ്ങനെ വായ്പ്പയുടെ ഭാരം എന്റെ ചുമലിൽ നിന്ന് ഇറക്കിവെക്കുക.’ -സാക്ഷി പറഞ്ഞു. സാക്ഷി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ നിരവധി പേരാണ് ഇതിനകം കണ്ടത്. ഒട്ടേറെ പേർ സാക്ഷിയുടെ നേട്ടത്തെ അഭിനന്ദിച്ച് കമന്റുകളിട്ടു.

https://www.instagram.com/reel/DW0cibCAWRG/?igsh=MTI3cms0eGR4amhzZQ==