മൊബൈല്‍ ഗെയിമിംഗ് ആപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് ശനിയാഴ്ച കൊല്‍ക്കത്തയിലെ 6 ഇടങ്ങളില്‍ ഇഡി റെയ്ഡ് നടത്തി. പ്രമുഖ വ്യവസായി ആമിര്‍ ഖാന്റെ വസതിയില്‍ നടത്തിയ പരിശോധനയില്‍ 5 ട്രങ്കുകളില്‍ നിന്നായി 17 കോടി പിടിച്ചെടുത്തു.
പശ്ചിമ ബംഗാളില്‍ രാഷ്ട്രീയക്കാരും, വ്യവസായികളും ഉള്‍പ്പെടെ നിരവധി പേര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിരീക്ഷണത്തിലാണ്.
ശനിയാഴ്ച രാവിലെ ആരംഭിച്ച തെരച്ചില്‍ രാത്രി വൈകിയും തുടര്‍ന്നു. നോട്ടുകള്‍ എണ്ണി തിട്ടപ്പെടുത്താന്‍ മണിക്കൂറുകള്‍ വേണ്ടി വന്നു. ബാങ്ക് ഉദ്യോഗസ്ഥരും കേന്ദ്ര സേനയും ഇഡി സെര്‍ച്ച് സംഘത്തോടൊപ്പമുണ്ടായിരുന്നു.
500, 2000 രൂപയുടെ നോട്ടുകളാണ് കൂടുതലും ഉണ്ടായിരുന്നതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. 2002ലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ (പിഎംഎല്‍എ) വകുപ്പുകള്‍ പ്രകാരമാണ് റെയ്ഡുകള്‍ നടത്തിയത്.
ആമിര്‍ ഖാന്‍ ‘ഇനഗ്ഗറ്റ്‌സ്’ എന്ന മൊബൈല്‍ ഗെയിമിംഗ് ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരുന്നു. ഇത് പൊതുജനങ്ങളെ കബളിപ്പിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തതാണെന്ന് ഇഡി അറിയിച്ചു.
ഈ കേസില്‍ ചൈനയുമായി ബന്ധമുണ്ടോ എന്ന കോണും ഇഡി പരിശോധിക്കുന്നുണ്ട്. അതേസമയം, പശ്ചിമ ബംഗാളില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇക്കാര്യത്തില്‍ ആരോപണങ്ങളും പ്രത്യാരോപണങ്ങളും ആരംഭിച്ചിട്ടുണ്ട്.



