കൃഷിത്തോട്ടം ക്രിക്കറ്റ് ഗ്രൗണ്ടാക്കുന്നു, ഗ്രാമവാസികളെ കാശ് കൊടുത്ത് കളിക്കാരാക്കുന്നു, റഷ്യൻ വാതുവെയ്പ്പുകാരെ ആകർഷിച്ച് പണം തട്ടുന്നു…. കായികലോകത്ത് കേട്ടുകേൾവി പോലുമില്ലാത്ത വലിയൊരു തട്ടിപ്പിന്റെ കഥ ഈയിടെ വൈറലായിരുന്നു. ഗുജറാത്തിലെ മെഹ്സന ജില്ലയിലെ മോളിപുർ ഗ്രാമത്തിലാണ് ഇത്തരമൊരു തട്ടിപ്പ് നടന്നത്. ഐ.പി.എല്ലിന് സമാനമായി നടത്തിയ ഈ വ്യാജ ടൂർണമെന്റിന് നേതൃത്വം നൽകിയ നാലുപേരെ പോലീസ് അറസ്റ്റുചെയ്തു. ഷൊഐബ് ദാവ്ഡ എന്നയാളാണ് ഈ തട്ടിപ്പിനുപിന്നിൽ. എങ്ങനെയാണ് ഇവർ വ്യാജ ഐ.പി.എൽ സജ്ജമാക്കിയത് എന്ന് പരിശോധിക്കാം.

എട്ടുമാസം റഷ്യയിലെ പബ്ബിൽ ജോലി ചെയ്ത് പരിചയമുള്ളയാളാണ് ടൂർണമെന്റിന്റെ സൂത്രധാരനായ ഷൊഐബ് ദാവ്ഡ. അതുകൊണ്ടുതന്നെ റഷ്യയിലെ വാതുവെപ്പുകാരുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നു. ആസിഫ് മുഹമ്മദ് എന്ന വ്യക്തിയാണ് ദാവ്ഡയെ വാതുവെയ്പ്പുകാരുമായി അടുപ്പിച്ചത്. ഈ ബന്ധമുപയോഗിച്ച് പരമാവധി പണം തട്ടുക എന്ന ലക്ഷ്യത്തോടെ അതിസമർത്ഥമായാണ് ദാവ്ഡ ടൂർണമെന്റ് അണിയിച്ചൊരുക്കിയത്. അതിനായി ആദ്യം ചെയ്തത് മോളിപുർ ഗ്രാമത്തിൽ സ്റ്റേഡിയമൊരുക്കുക എന്നതായിരുന്നു. ദാവ്ഡയ്ക്കൊപ്പം സാദിഖ് ദാവ്ഡ, സാഖിബ്, സൈഫി, മുഹമ്മദ് കോലു എന്നിവരും അണിനിരന്നു. 

ഗ്രാമത്തിലെ ഗുലാം മാസിയിലുള്ള ഒരു കൃഷിയിടം ഇവർ ഗ്രൗണ്ടാക്കി മാറ്റി. സിമന്റുകൊണ്ട് താത്കാലിക പിച്ചും തയ്യാറാക്കി. ഒറ്റനോട്ടത്തിൽ മോശമില്ലാത്ത ഒരു സ്റ്റേഡിയത്തിന്റെ രൂപം കൊണ്ടുവരാനായി ഗ്രൗണ്ട് വൃത്തിയായി സൂക്ഷിക്കുകയും ചെയ്തു. പുറത്തുനിന്നുള്ള പ്രഫഷണൽ കളിക്കാരെ കൊണ്ടുവന്നാൽ ചെലവ് അധികമാകുമെന്ന് മനസ്സിലാക്കിയ ദാവ്ഡയും സംഘവും ഗ്രാമവാസികളെത്തന്നെ ടൂർണമെന്റിലെ കളിക്കാരാക്കി മാറ്റി. ഇരുപത്തഞ്ചോളം വരുന്ന ഗ്രാമവാസികൾക്ക് ക്രിക്കറ്റിൽ പരിശീലനം നൽകി. ഓരോ പന്തിലും എങ്ങനെ കളിക്കണമെന്ന് കൃത്യമായി പറഞ്ഞുകൊടുത്തു. ഓരോരുത്തർക്കും പ്രതിഫലമായി 400 രൂപ വീതമാണ് ഒരു മത്സരത്തിനായി നൽകിയത്.

മത്സരം യൂട്യൂബിലൂടെ ലൈവായി കാണിക്കാൻ അഞ്ച് എച്ച്.ഡി ക്യാമറകളാണ് ദാവ്ഡയും സംഘവും സ്ഥാപിച്ചത്. മൾട്ടി ക്യാമിലൂടെ രംഗങ്ങൾ ചിത്രീകരിച്ച് ഇവർ ടൂർണമെന്റ് ലൈവായി യൂട്യൂബിലൂടെ സംപ്രേഷണം ചെയ്തു. റഷ്യയിലിരിക്കുന്നവരുടെ വിശ്വാസ്യത കൂട്ടുന്നതിനായി താരങ്ങൾ പ്രഫഷണൽ ജഴ്സിയും ഷൂസും ക്രിക്കറ്റ് കിറ്റുമെല്ലാം ധരിച്ചാണ് കളിച്ചത്. ചെന്നൈ സൂപ്പർ കിങ്സ്, മുംബൈ ഇന്ത്യൻസ്, ഗുജറാത്ത് ടൈറ്റൻസ് തുടങ്ങിയ ടീമുകളുടെ ജഴ്സിയാണ് കളിക്കാർ ധരിച്ചത്. അമ്പയറിങ്ങിൽ പോലും പ്രഫഷണലിസം കാണിച്ച് കാണികളെ കബിളിപ്പിക്കാൻ ഇവർക്ക് സാധിച്ചു. 

വെള്ളയും കറുപ്പും നിറമുള്ള വസ്ത്രങ്ങൾ ധരിച്ച അമ്പയർമാർക്ക് നിർദേശങ്ങൾ നൽകുന്നതിനായി വാക്കി ടോക്കിയും നൽകി. അമ്പയർമാരായി ഗ്രൗണ്ടിലുണ്ടായിരുന്നത് ദാവ്ഡയുടെ സംഘത്തിലുള്ളവരാണ്. ഇവരുടെ നിർദേശപ്രകാരമാണ് താരങ്ങൾ കളിച്ചത്. മത്സരത്തിലെ ഓരോ ഷോട്ടുപോലും സ്ക്രിപ്റ്റഡായാണ് ചെയ്തതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. മത്സരങ്ങൾ ഓൺലൈനായി സംപ്രേഷണം ചെയ്തപ്പോൾ കൊഴുപ്പ് കൂട്ടുന്നതിനായി ഇന്റർനെറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത ആരാധകരുടെ ആരവം പിന്നണിയിൽ ചേർത്തു. അതുപോലും അതിവിദഗ്ധമായാണ് നൽകിയത്.

ഇതിൽ ഏറ്റവും രസകരമായ കാര്യമെന്തെന്നാൽ ക്രിക്കറ്റ് കമന്ററിയ്ക്ക് പ്രമുഖ കമന്റേറ്ററായ ഹർഷ ഭോഗ്ലെയെ വ്യാജമായി ഉപയോഗിച്ചു എന്നതാണ്. ദാവ്ഡയുടെ സംഘത്തിലുള്ള സാഖിബാണ് ഹർഷ ഭോഗ്ലെയെന്ന വ്യാജേന കമന്ററി പറഞ്ഞത്. ഇത് ശ്രദ്ധയിൽപ്പെട്ട ഭോഗ്ലെ ചിരിയടക്കാനാവുന്നില്ലെന്നും കമന്റേറ്ററുടെ ശബ്ദം കേൾക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും ട്വീറ്റ് ചെയ്തു. 

പ്രഫഷണൽ സ്റ്റേഡിയത്തിലുള്ളപോലെ ഹാലൊജൻ ലൈറ്റുകൾ സ്ഥാപിച്ച് മത്സരത്തിന് കൊഴുപ്പേകാനും ദാവ്ഡ ശ്രമിച്ചു. ഏകദേശം മൂന്നുമാസത്തോളമെടുത്താണ് ടൂർണമെന്റ് ഇവർ യാഥാർത്ഥ്യമാക്കിയത്. ഐ.പി.എൽ എന്ന പേരിൽ തന്നെയാണ് ഇവർ മത്സരങ്ങൾ സംപ്രേഷണം ചെയ്തത്. ഐ.പി.എൽ കഴിഞ്ഞയുടൻ തന്നെ ടൂർണമെന്റ് സജ്ജമാക്കാൻ ദാവ്ഡയും സംഘവും ഒരുങ്ങിയിറങ്ങിയിരുന്നു. മത്സരങ്ങൾ ലൈവായി വന്നതോടെ റഷ്യയിൽ നിന്നുള്ള വാതുവെപ്പുകാർ രംഗത്തെത്തി. വാതുവെപ്പിലൂടെ മൂന്ന് ലക്ഷം രൂപയോളം ദാവ്ഡയ്ക്കും സംഘത്തിനും ലഭിച്ചു. ക്വാർട്ടർ ഫൈനൽ വരെയുള്ള മത്സരങ്ങൾ ഇവർ നടത്തി. അതിനിടയിലാണ് പോലീസ് ഇവരെ അറസ്റ്റുചെയ്യുന്നത്. ടെലഗ്രാം ചാനൽ വഴിയാണ് വാതുവെപ്പ് നടന്നതെന്ന് ഗുജറാത്ത് പോലീസ് അറിയിച്ചു. റഷ്യയിലെ ട്വെർ, വോറോനെഷ്, മോസ്കോ എന്നിവിടങ്ങളിൽ നിന്നുള്ള വാതുവെയ്പ്പുകാരാണ് ടൂർണമെന്റിൽ പങ്കെടുത്തത്. 

ഇത്രയേറെ മുന്നൊരുക്കങ്ങളോടെ നടത്തിയ ഈ വ്യാജ ഐ.പി.എല്ലിന്റെ കൂടുതൽ വിവരങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗുജറാത്ത് പോലീസ്. ദാവ്ഡയെയും സംഘത്തെയും അറസ്റ്റുചെയ്ത പോലീസ് മറ്റാർക്കെങ്കിലും ടൂർണമെന്റിന്റെ നടത്തിപ്പിൽ പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.