ബക്കിംഗ്ഹാം കൊട്ടാരത്തേക്കാള്‍ വലുതാണ് ഈ ഭീമാകാരമായ കെട്ടിടം. എന്നാല്‍ 40 വര്‍ഷം മുമ്പ് നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ച കെട്ടിടം ഇതുവരെയും പൂര്‍ത്തിയായിട്ടില്ല. കെന്റിലെ ഹാമില്‍ട്ടണ്‍ പാലസ് ആണ് പണിതിട്ടും പണിതിട്ടും പണിതീരാത്ത ഭീകരസൗധം.

മരങ്ങളാലും ചെടികളാലും ചുറ്റപ്പെട്ട ഈ കൊട്ടാരസദൃശ്യമായ നിര്‍മിതി ഒരുകാലത്ത് ‘സസെക്സിന്റെ പ്രേതം’ എന്നാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. കഴിഞ്ഞ 40 വര്‍ഷക്കാലമായി ഈ കൊട്ടാരത്തിന്റെ പണി നടന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെയും പൂര്‍ത്തിയായിട്ടില്ല. ഒരു മനുഷ്യജീവി പോലും ഇവിടെ താമസിക്കുന്നുമില്ല. ശരിക്കും ഒരു പ്രേതഭവനം തന്നെയാണ് ഇന്ന് ഹാമില്‍ട്ടണ്‍ പാലസ്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലാണ് ഈ പാലസ്.

ഏക്കര്‍ കണക്കിന് സ്ഥലങ്ങളാലും വനങ്ങളാലും ചുറ്റപ്പെട്ട് അതിന് ഒത്ത നടുവിലാണ് ഈ കെട്ടിടം. അതുകൊണ്ടുതന്നെ പുറത്തുനിന്ന് ഒരാള്‍ക്ക് അത്ര വേഗത്തില്‍ നിന്നും ഈ സ്ഥലത്തേക്ക് പ്രവേശിക്കാന്‍ കഴിയില്ല. സ്ഥലത്തിന് പുറത്തു തന്നെ നിരവധി അപായ സൂചകങ്ങളും അകത്തേക്ക് പ്രവേശിക്കാന്‍ പാടില്ല എന്നെഴുതിയ പോസ്റ്ററുകളും സ്ഥാപിച്ചിരിക്കുന്നു.  

2020 -ലാണ് ഈ കെട്ടിടത്തിന്റെ ചിത്രങ്ങള്‍ അവസാനമായി പുറത്തുവന്നത്. ഡ്രോണ്‍ ഉപയോഗിച്ചായിരുന്നു ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്. കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തി ഇതുവരെയും പൂര്‍ത്തിയായിട്ടില്ലെന്ന് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്. അകത്ത് എന്താണ് നടക്കുന്നതെന്നോ, എന്തൊക്കെ നിര്‍മ്മാണ പ്രവൃത്തികളാണ് പൂര്‍ത്തിയായത്  എന്നോ സമീപവാസികളായ ആര്‍ക്കും അറിയില്ലെന്ന് ഒരു അയല്‍വാസി പറഞ്ഞതായി ‘ദ മിറര്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു.