പത്തനംതിട്ട: വനപാലകരുടെ കസ്റ്റഡിയില്‍ ഇരിക്കെ മരിച്ച മത്തായിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. വിലാപയാത്രയായി മത്തായിയുടെ കുടുംബ വീട്ടില്‍ മൃതദേഹം എത്തിച്ചു. കുടപ്പന സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വൈകീട്ട് 3 മണിക്ക് സംസ്‌ക്കാരം നടക്കും. 40 ദിവസമാണ് നീതിക്കായി മത്തായിയുടെ കുടുംബവും നാട്ടുകാരും മൃതദേഹം സംസ്‌കരിക്കാതെ പോരാടിയത്.
പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ നിന്നും വിലാപയാത്രയായാണ് മത്തായിയുടെ മൃതദേഹം ചിറ്റാറിലെ വീട്ടിലേക്ക് എത്തിച്ചത്. നിരവധി പേരാണ് മത്തായിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയത്. സാമൂഹ്യ-രാഷ്ട്രീയ രംഗത്ത് നിന്ന് നിരവധി പേരെത്തി. അസി. കളക്ടറുടെയും സിബിഐ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ ഇന്നലെ നടന്ന പോസ്റ്റുമോര്‍ട്ടം നടപടികളില്‍ പോലീസ് തയാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ ഇല്ലാത്ത നിരവധി മുറിവുകള്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് സിബിഐ സംഘം മത്തായിയെ മരിച്ച നിലയില്‍ കണ്ടെത്തിയ കിണറ്റിലും പരിസരത്തും പരിശോധന നടത്തി.
മൃതദേഹ പരിശോധനയിലെ പുതിയ കണ്ടെത്തലുകള്‍ വനപാലകര്‍ക്ക് എതിരായ ആരോപണങ്ങള്‍ക്ക് ശക്തി പകരുന്നതാണ്. കഴിഞ്ഞ ജൂലൈ 28നാണ് വനപാലക സംഘത്തിന്റെ കസ്റ്റഡിയില്‍ ഇരിക്കെ മത്തായിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.