40 ദിവസമായി അസമിലും ബംഗാളിലുമായി കുടുങ്ങിക്കിടക്കുന്ന മലയാളി ബസ് ജീവനക്കാരുടെ ആശങ്കയേറ്റി മരണവാര്‍ത്ത. ലോക്ഡൗണില്‍ കുടുങ്ങിപ്പോയ മലയാളി ബസ് ഡ്രൈവര്‍ ആണ് മരിച്ചത്. പാവറട്ടി വെന്മേനാട് കൈതമുക്കു സ്വദേശി കെ.പി.നജീബ് 46) ആണ് അസം – ബംഗാള്‍ അതിര്‍ത്തി പ്രദേശമായ അലിപൂരില്‍ മരിച്ചത്.

കേരളത്തില്‍ നിന്ന് ഇതരസംസ്ഥാന തൊഴിലാളികളുമായിപ്പോയ 400 ബസുകളാണ് ഇവിടെ പാര്‍ക്ക് ചെയ്തിരിക്കുന്നത്. ബസുകളുടെ മടക്കയാത്രയില്‍ അനിശ്ചിതത്വം തുടരുകയാണ്.കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ബസുകള്‍ ഇതിലുണ്ട്. ഏജന്റുമാര്‍ മുഖേനയാണു തൊഴിലാളികളെ എത്തിച്ചത്. വോട്ട് ചെയ്യിച്ചു തിരികെക്കൊണ്ടുവരാനായിരുന്നു പരിപാടി. എന്നാല്‍ ലോക്ഡൗണ്‍ വന്നതോടെ ഒരു ഭാഗത്തേക്കുമാത്രമുള്ള പ്രതിഫലം നല്‍കി ഏജന്റുമാര്‍ മുങ്ങി.

ബസുകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കാന്‍ സഹായിക്കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാഗ്ദാനം തിരിച്ചുവരവിനു സഹായകമാകുന്നില്ലെന്നു ജീവനക്കാര്‍ പറയുന്നു.പെരുമ്ബാവൂരില്‍നിന്നു നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യിക്കാനായി അതിഥിത്തൊഴിലാളികളുമായി അസമിലേക്കും ബംഗാളിലേക്കും പുറപ്പെട്ട ബസുകളാണു ലോക്ഡൗണ്‍ കാരണം വിവിധ ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്.