ഇന്ത്യയിൽ പ്രതിമാസം 399 രൂപയ്ക്ക് ചാറ്റ്ജിപിടി ഗോ പ്ലാൻ അവതരിപ്പിച്ച് ഓപ്പൺഎഐ. സൗജന്യ പ്ലാനിനെ അപേക്ഷിച്ച് ഉയർന്ന മെസേജ് പരിധി, ഫയൽ അപ്ലോഡുകൾ, ചിത്രങ്ങൾ നിർമ്മിക്കാനുള്ള കഴിവ്, ഇരട്ടി മെമ്മറി എന്നിവ വാഗ്ദാനം ചെയ്യുന്നതാണ് പ്ലാൻ. ഇന്ത്യൻ ഉപയോക്താക്കൾക്ക് പ്ലസ് പ്ലാനിന്റെ ചെറിയൊരു ഭാഗം മാത്രം കുറഞ്ഞ ചെലവിൽ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.
ഗോ പ്ലാൻ ആദ്യം ഇന്ത്യയിലാണ് അവതരിപ്പിക്കുന്നതെന്ന് ചാറ്റ്ജിപിടി വൈസ് പ്രസിഡന്റും മേധാവിയുമായ നിക്ക് ടർലി അറിയിച്ചു. കുറഞ്ഞ വിലയും പ്രാദേശിക പേയ്മെന്റ് സൗകര്യങ്ങളുമായിരുന്നു ഇന്ത്യൻ ഉപയോക്താക്കളിൽ നിന്നുള്ള പ്രധാന ആവശ്യങ്ങൾ. പുതിയ പ്ലാൻ ആ രണ്ട് ആവശ്യങ്ങളും നിറവേറ്റുന്നതാണെന്നും അദ്ദേഹം വിശദീകരിച്ചു. സൗജന്യ പ്ലാനുമായി താരതമ്യപ്പെടുത്തുമ്പോൾ ഉപയോക്താക്കൾക്ക് പത്തിരട്ടി ഉയർന്ന മെസേജ് പരിധി, പത്തിരട്ടി കൂടുതൽ ചിത്രങ്ങൾ നിർമ്മിക്കാനുള്ള അവസരം, പത്തിരട്ടി കൂടുതൽ ഫയൽ അപ്ലോഡുകൾ, ഇരട്ടി മെമ്മറി ദൈർഘ്യം എന്നിവ ചാറ്റ്ജിപിടി ഗോയിലൂടെ ലഭിക്കുന്നു. സൗജന്യ പ്ലാനിലെ പരിമിതികൾ ബുദ്ധിമുട്ടായി കാണുന്നവരും എന്നാൽ പ്ലസ് അല്ലെങ്കിൽ പ്രോ പ്ലാനുകളിലെ എല്ലാ ഫീച്ചറുകളും ആവശ്യമില്ലാത്തവരുമായ വിദ്യാർഥികൾ, ഫ്രീലാൻസർമാർ, പ്രൊഫഷണലുകൾ എന്നിവർക്ക് ഗോ പ്ലാൻ പ്രയോജനപ്പെടും. എല്ലാ സബ്സ്ക്രിപ്ഷൻ പ്ലാനുകളിലും ഇന്ത്യൻ രൂപയിൽ പണമടയ്ക്കാം എന്നതാണ് മറ്റൊരു പ്രധാന അപ്ഡേറ്റ്.
ഇന്ത്യയിലെ എല്ലാ ഉപയോക്താക്കൾക്കും ഇനി നിരക്കുകൾ ഇന്ത്യൻ രൂപയിൽ കാണാൻ സാധിക്കും. ഇത് കറൻസി വിനിമയവുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങൾ ഒഴിവാക്കും. ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കുന്ന ഡിജിറ്റൽ പേയ്മെന്റ് രീതിയായ യുപിഐ വഴിയുള്ള പണമടയ്ക്കലും ഓപ്പൺഎഐ അനുവദിച്ചിട്ടുണ്ട്. ഈ നീക്കം പണമടച്ചുള്ള പ്ലാനിലേക്ക് മാറുന്നത് വലിയൊരു വിഭാഗം ഉപയോക്താക്കൾക്ക് കൂടുതൽ ലളിതവും എളുപ്പവുമാക്കുന്നു. നിലവിൽ ചാറ്റ്ജിപിടി നാല് പ്ലാനുകളാണ് വാഗ്ദാനം ചെയ്യുന്നത്. പരിമിതമായ ഉപയോഗത്തോടുകൂടിയ സൗജന്യ പ്ലാൻ, 399 രൂപയുടെ പുതിയ ഗോ പ്ലാൻ, 1,999 രൂപ വിലയുള്ള പ്ലസ് പ്ലാൻ, 19,999 രൂപയുടെ പ്രോ പ്ലാൻ എന്നിവയാണ് അവ. സൗജന്യ പ്ലാനിനും പ്ലസ് പ്ലാനിനും ഇടയിലുള്ള വിടവ് നികത്താനും കുറഞ്ഞ ചെലവിൽ ദൈനംദിന ഉപയോഗം സാധ്യമാക്കാനുമാണ് ഗോ പ്ലാൻ ലക്ഷ്യമിടുന്നത്.
ജനറേറ്റീവ് എഐ ടൂളുകൾ വലിയ സ്ഥാപനങ്ങൾക്കും പ്രീമിയം ഉപയോക്താക്കൾക്കും മാത്രമല്ല, പഠനത്തിനും സർഗാത്മക പ്രോജക്റ്റുകൾക്കും ജോലിക്കും ചാറ്റ്ജിപിടി ഉപയോഗിക്കുന്ന വിദ്യാർഥികൾക്കും വ്യക്തികൾക്കും കൂടി പ്രയോജനപ്പെടുന്ന രീതിയിൽ അവതരിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് വിലയിരുത്തപ്പെടുന്നു. ദൈർഘ്യമേറിയ ഡോക്യുമെന്റുകൾ തയ്യാറാക്കുന്നതിനും, ചിത്രങ്ങൾ നിർമ്മിക്കുന്നതിനും, വിശകലനത്തിനായി ഫയലുകൾ അപ്ലോഡ് ചെയ്യുന്നതിനും ഉയർന്ന സബ്സ്ക്രിപ്ഷൻ ചെലവില്ലാതെ തന്നെ സാധ്യമാകുന്ന സാഹചര്യം ഗോ പ്ലാൻ നൽകുന്നു. ഈ പരീക്ഷണത്തിലൂടെ ഇന്ത്യ ഒരു പുതിയ ആഗോള തന്ത്രത്തിന്റെ പരീക്ഷണശാലയായി മാറുന്നുവെന്നും വിലയിരുത്തപ്പെടുന്നുണ്ട്. രാജ്യത്തെ ഉപയോക്താക്കളിൽ നിന്നുള്ള പ്രതികരണങ്ങൾ വിലയിരുത്തി ലോകമെമ്പാടും ചാറ്റ്ജിപിടി ഗോ എങ്ങനെ വികസിക്കുമെന്ന് ഓപ്പൺ എഐ മനസിലാക്കാനും ശ്രമിച്ചേക്കും.