തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവിയെ നായകനാക്കി അനിൽ രവിപുടി ഒരുക്കിയ ‘മന ശങ്കര വര പ്രസാദ് ഗാരു’ ആന്ധ്ര/ തെലുങ്കാന സംസ്ഥാനങ്ങളിൽ നേടുന്നത് ഇൻഡസ്ട്രി ബ്ലോക്ക്ബസ്റ്റർ സ്റ്റാറ്റസ്. റിലീസ് ചെയ്ത് 15 ദിവസം കൊണ്ട് ചിത്രം നേടിയത് 358 കോടിക്ക് മുകളിൽ ആഗോള ഗ്രോസ്സ്. തീയേറ്ററുകളിൽ ഇപ്പോഴും മികച്ച പ്രേക്ഷക പിന്തുണ നേടി പ്രദർശനം തുടരുന്ന ചിത്രം ചിരഞ്ജീവിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായി മാറുകയാണ്. സാഹു ഗരപതിയുടെ ഷൈൻ സ്ക്രീൻ ബാനറും സുഷ്മിത കൊണിഡെലയുടെ ഗോൾഡ് ബോക്സ് എന്റർടൈൻമെൻറ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം അവതരിപ്പിക്കുന്നത് അർച്ചനയാണ്.

ബുക്ക് മൈ ഷോയിലും ചിത്രം റെക്കോർഡ് സൃഷ്ടിക്കുകയാണ്. ഏറ്റവും കൂടുതൽ ടിക്കറ്റ് ബുക്ക് മൈ ഷോ വഴി വിറ്റു പോയ പ്രാദേശിക ഭാഷ ചിത്രത്തിൻ്റെ റെക്കോർഡ് ആണ് ഈ ചിത്രം സ്വന്തമാക്കിയത്. 3.6 മില്യൺ ടിക്കറ്റുകൾ ആണ് ചിത്രത്തിൻ്റേതായി ഇതിനോടകം ബുക്ക് മൈ ഷോ വഴി വിറ്റഴിഞ്ഞത്. ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന ചിത്രം കൂടിയായും ഇത് മാറി. “സംക്രാന്തികി വസ്തുനം” എന്ന ചിത്രത്തിൻ്റെ 3.5 മില്യൺ എന്ന റെക്കോർഡ് ആണ് ഈ ചിരഞ്ജീവി ചിത്രം 15 ദിവസം കൊണ്ട് മറികടന്നത്.

ചിരഞ്ജീവിയുടെയും സംവിധായകൻ അനിൽ രവിപുടിയുടെയും കരിയറിലെ തന്നെ ഏറ്റവും വലിയ ആഗോള ഗ്രോസർ ആയി മാറിയ ചിത്രം, നോർത്ത് അമേരിക്കയിൽ 3.5 മില്യൺ ഡോളർ എന്ന നേട്ടത്തിലേക്ക് കുതിക്കുകയാണ്. നോർത്ത് അമേരിക്കയിൽ ഇവരുടെ കരിയറിലെ ഏറ്റവും വലിയ പ്രീമിയർ ഗ്രോസ് റെക്കോർഡ് നേടിയ ചിത്രം, തെലുങ്ക് സംസ്ഥാനങ്ങളിൽ, റിലീസായി 5, 7, 14 എന്നീ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രവും കൂടിയായി മാറിയിരുന്നു.