മസ്കറ്റ്: ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ടിക്കറ്റ് നിരക്കുകളിൽ പ്രത്യേക ഓഫർ പ്രഖ്യാപിച്ച് എയർ ഇന്ത്യ. എല്ലാ ജിസിസി രാജ്യങ്ങളിൽനിന്നും ഇന്ത്യയിലേക്കുള്ള യാത്രക്കാർക്കാണ് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭ്യമാവുക.
“വൺ ഇന്ത്യ വൺ ഫെയർ’ എന്ന ആശയത്തിനു കീഴിലാണ് വിമാനക്കമ്പനി ആകർഷകമായ വൺ-വേ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നത്. യുഎഇയിൽ നിന്ന് ഡൽഹി, മുംബൈ, ചെന്നൈ തുടങ്ങിയ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള വിമാന ടിക്കറ്റുകൾ 330 ദിർഹത്തിന് വരെ ലഭിക്കും.
ഓഗസ്റ്റ് 21ന് മുമ്പ് ടിക്കറ്റ് എടുക്കുന്നവർക്ക് ഓഫർ ലഭിക്കും. ഓഫർ നിരക്കിൽ യാത്ര ചെയ്യാനുള്ള അവസാന തീയതി ഒക്ടോബർ 15 ആണ്. മറ്റു ജിസിസി രാജ്യങ്ങളിൽനിന്നുള്ള സർവീസുകൾക്കും താരതമ്യേന കുറഞ്ഞ ടിക്കറ്റ് നിരക്കുകളാണ് ഇക്കാലയളവിൽ ഈടാക്കുക.
അടുത്ത ഒക്ടോബർ 15 വരെയുള്ള ടിക്കറ്റുകളിൽ ചെക്ക് ഇൻ ബാഗേജ് അലവൻസായി 35 കിലോയും ഹാൻഡ് ലഗേജ് എട്ട് കിലോഗ്രാമും അനുവദിച്ചിട്ടുമുണ്ട്. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾക്കാണ് ഈ ഓഫർ ലഭിക്കുക.