ന്യൂഡൽഹി: പശ്ചാത്തലത്തിൽ രാജ്യത്തെ 32 വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചു. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൻ്റെ നിർദേശപ്രകാരം, വടക്ക്, പടിഞ്ഞാറ് മേഖലകളിലെ വിവിധ വിമാനത്താവളങ്ങളാണ് അടച്ചത്. മെയ് 15ന് രാവിലെ 5:29 വരെ വിമാനത്താവളങ്ങൾ അടച്ചിടും. ചണ്ഡീഗഡ്, ശ്രീനഗർ, അമൃത്സർ, ലുധിയാന, പട്യാല, ഷിംല, ധരംശാല ഉൾപ്പെടെ ഉള്ള വിമാനത്താവളങ്ങൾ അടച്ചിട്ടവയിൽ ഉൾപ്പെടുന്നു. രാജ്യത്തെ എല്ലാ വിമാനക്കമ്പനികളോടും വിമാനത്താവളങ്ങളോടും സുരക്ഷാ നടപടികൾ ശക്തിപ്പെടുത്താൻ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്) നിർദേശം നൽകിയിട്ടുണ്ട്.
അധംപൂർ, അംബാല, അമൃത്സർ, അവന്തിപൂർ, ബതിൻഡ, ഭുജ്, ബിക്കാനീർ, ചണ്ഡീഗഡ്, ഹൽവാര, ഹിൻഡൻ, ജയ്സാൽമർ, ജമ്മു, ജാംനഗർ, ജോധ്പൂർ, കാണ്ട്ല, കംഗ്ര (ഗഗ്ഗൽ), കേശോദ്, കിഷൻഗഡ്, കുളു മണാലി (ഭുണ്ടാർ), ലേ, ലുധിയാന, മുന്ദ്ര, നലിയ, പത്താൻകോട്ട്, പട്യാല, പോർബന്തർ, രാജ്കോട്ട് (ഹിരാസർ), സർസവ, ഷിംല, ശ്രീനഗർ, തോയ്സ്, ഉത്തരലൈ എന്നീ വിമാനത്താവളങ്ങളാണ് അടച്ചിട്ടത്.
വിമാനത്താവളങ്ങൾ അടച്ചിടാനുള്ള നിർദേശത്തെ തുടർന്ന് വിവിധയിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചു. ജമ്മു, ശ്രീനഗർ, ലേ, ജോധ്പൂർ, അമൃത്സർ, ചണ്ഡീഗഡ്, ഭുജ്, ജാംനഗർ, രാജ്കോട്ട് എന്നീ വിമാനത്താവളങ്ങളിൽ നിന്നും തിരിച്ചുമുള്ള വിമാനങ്ങൾ മെയ് 15ന് 5:29 വരെ റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചു. സാധുവായ ടിക്കറ്റുകൾ കൈവശം വെച്ചിരിക്കുന്ന ഉപഭോക്താക്കൾക്ക് ഇളവോടെ റീഷെഡ്യൂൾ ചെയ്യാമെന്നും അല്ലെങ്കിൽ മുഴുവൻ റീഫണ്ടോടെ റദ്ദാക്കാമെന്നും എയർ ഇന്ത്യ അറിയിച്ചു.
ശ്രീനഗർ, ജമ്മു, അമൃത്സർ, ലേ, ചണ്ഡീഗഢ്, ധരംശാല, ബിക്കാനീർ, രാജ്കോട്ട്, ജോധ്പൂർ, കിഷൻഗഡ് എന്നീ വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ മെയ് 15ന് രാവിലെ 5:29 വരെ റദ്ദാക്കിയതായി ഇൻഡിഗോ അറിയിച്ചു. ലേ, ശ്രീനഗർ, ജമ്മു, ധരംശാല, കാണ്ട്ല, അമൃത്സർ, പോർബന്ദർ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ മെയ് 15ന് രാവിലെ 5:29 വരെ റദ്ദാക്കിയതായി സ്പൈസ്ജെറ്റും അറിയിച്ചു. അതേസമയം എയർ ഇന്ത്യ എക്സ്പ്രസ് ഇതുവരെ അറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. നേരത്തെ അമൃത്സർ, ഗ്വാളിയാർ, ജമ്മു, ശ്രീനഗർ, ഹിൻഡൺ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ മെയ് 10ന് 5:30 വരെ റദ്ദാക്കിയിരിക്കുന്നു.



