ചെന്നൈ: ഇന്ത്യൻ റെയിൽവേയിൽ നികത്തപ്പെടാതെ കിടക്കുന്നത് 30,000-ത്തിലേറെ ലോക്കോ പൈലറ്റുമാരുടെ ഒഴിവുകൾ. 1.47 ലക്ഷം ലോക്കോ പൈലറ്റുമാർ വേണ്ടിടത്ത് ഇപ്പോൾ 1.15 ലക്ഷം ലോക്കോ പൈലറ്റുമാർ മാത്രമാണുള്ളത്.
അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാരെ നിയമിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ടെങ്കിലും വളരെ പതുക്കെയാണ് നടപടികൾ മുന്നോട്ടുപോകുന്നത്. ലോക്കോ പൈലറ്റുമാരുടെ അഭാവം കാരണം നഗരങ്ങളിൽ മുന്നറിയിപ്പില്ലാതെ സബർബൻ തീവണ്ടികൾ റെയിൽവേ റദ്ദാക്കിത്തുടങ്ങിയിട്ടുണ്ടെന്നും ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ (എഐഎൽആർഎസ്എ) പ്രതിനിധികൾ പറഞ്ഞു.
യാത്രക്കാരുടെ സുരക്ഷയുറപ്പാക്കാൻ ലോക്കോ പൈലറ്റുമാരുടെ ഒഴിവുകൾ നികത്തണമെന്ന ആവശ്യം റെയിൽവേ ഗൗരവത്തിലെടുക്കുന്നില്ല. എല്ലാ സോണുകളിലും നിയമന നടപടികൾ ത്വരിതമാക്കണം. ഒഴിവുകൾ നികത്താതെ കിടന്നാൽ രാജ്യത്ത് ഇൻഡിഗോയുടെ വിമാന സർവീസുകൾ മുടങ്ങിയതുപോലെ ഇന്ത്യൻ റെയിൽവേയുടെ തീവണ്ടി സർവീസുകളും മുടങ്ങാൻ സാധ്യതയുണ്ടെന്നും അസോസിയേഷൻ പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
ഓരോ വർഷവും സർവീസിൽനിന്ന് വിരമിക്കുന്നവർക്ക് പുറമെ, സ്വയംവിരമിക്കുന്ന ലോക്കോപൈലറ്റുമാരുമുണ്ട്. ആഴ്ചയിൽ 48 മണിക്കൂർ വിശ്രമം നൽകണമെന്ന ആവശ്യം നടപ്പാക്കുന്നില്ല. ഒരാഴ്ചയിൽ രണ്ട് രാത്രിഡ്യൂട്ടികൾ മാത്രമേ പാടുള്ളൂവെന്ന വ്യവസ്ഥ നടപ്പാക്കുന്നില്ല. തുടർച്ചയായി രാത്രിയിൽ ജോലി ചെയ്യേണ്ടിവരുമ്പോഴും, കൂടുതൽസമയം ജോലി ചെയ്യേണ്ടിവരുമ്പോഴും ലോക്കോ പൈലറ്റുമാർക്ക് ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരുമെന്നും അസോസിയേഷൻ അംഗങ്ങൾ ചൂണ്ടിക്കാട്ടി.
ലോക്കോപൈലറ്റുമാർ ഇല്ലാത്തതുകാരണം ഒരുദിവസം ഒരേ ലോക്കോപൈലറ്റിന് രണ്ട് ഷിഫ്റ്റുകളിൽ ജോലി ചെയ്യേണ്ടിവരുന്നതും ഒഴിവാക്കണമെന്ന് ലോക്കോ പൈലറ്റുമാരുടെ അസോസിയേഷൻ പ്രതിനിധികൾ ആവശ്യപ്പെട്ടു.



