പട്ന: തിരഞ്ഞെടുപ്പ് വിജയിച്ച് അധികാരത്തിൽ എത്തിയാൽ ബിഹാറിൽ സാമുദായിക പരിഗണന അനുസരിച്ച് ഉപമുഖ്യമന്ത്രിമാരെ നിയോഗിക്കാൻ ഇന്ത്യാ സഖ്യത്തിൽ ധാരണ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആർജെഡി നേതാവ് തേജസ്വി യാദവ് ആയിരിക്കും. ഉപമുഖ്യമന്ത്രിമാരായി വിവിധ സമുദായങ്ങളിൽ നിന്ന് മൂന്ന് പേരെ നിയോഗിക്കാനാണ് നീക്കം. ദലിത്, മുസ്‌ലിം, പിന്നാക്ക വിഭാഗങ്ങളിൽ (ഇബിസി) നിന്ന് ആയിരിക്കും ഉപമുഖ്യമന്ത്രിമാർ നിയോഗിക്കപ്പെടുകയെന്നാണ് വിവരം. ബിഹാറിൽ പ്രതിപക്ഷ മഹാസഖ്യത്തിന്റെ സീറ്റ് വിഭജന ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നും മുതിർന്ന ആർജെഡി, കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

243 സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ പ്രതിപക്ഷ മഹാസഖ്യത്തിന്റെ ഭാഗമായ ആർജെഡി 125 സീറ്റുകളിൽ മത്സരിക്കുമെന്നാണ് വിവരം. 2020-ൽ മത്സരിച്ച 143 സീറ്റുകളേക്കാൾ 19 സീറ്റുകൾ കുറവായിരിക്കും ആർജെഡിക്ക് ലഭിക്കുക. കോൺഗ്രസ് 50-55 സീറ്റുകളിലും, ഇടതുപക്ഷം 25 സീറ്റുകളിലും മത്സരിച്ചേക്കും. ബാക്കി സീറ്റുകളിൽ വിഐപി, എൽജെപി (പശുപതി കുമാർ പരസ്), ജാർഖണ്ഡ് മുക്തി മോർച്ച തുടങ്ങിയ പാർട്ടികളും പ്രതിപക്ഷ മഹാസഖ്യത്തിന്റെ ഭാഗമായി മത്സരിച്ചേക്കും.