തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി സംസ്ഥാനത്താകെ 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുള്ളതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ

ത്രിതല പഞ്ചായത്തുകള്‍ക്ക്‌ ബ്ലോക്ക് പഞ്ചായത്ത് തലത്തിലും മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവയ്ക്ക് അതത് സ്ഥാപനതലത്തിലുമാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുള്ളത്. വോട്ടെടുപ്പിന്റെ തലേദിവസം പോളിംഗ്‌ സാധനങ്ങള്‍ വിതരണം ചെയ്യുന്നതും വോട്ടെടുപ്പിന്‌ ശേഷം അവ തിരികെ വാങ്ങി സ്‌ട്രോംഗ്‌ റൂമില്‍ സൂക്ഷിക്കുന്നതും ഇതേ കേന്ദ്രങ്ങളിലാണ്.

ജില്ലകളിലെ വോട്ടെടുപ്പ്, വോട്ടെണ്ണല്‍ നടത്തുന്നത് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തിലാണ്. വോട്ടെടുപ്പിന് വേണ്ട സാധനങ്ങള്‍ വിതരണം ചെയ്യുന്നതും വോട്ടെടുപ്പിന്‌ ശേഷം അവ സൂക്ഷിക്കുന്നതിന്റെയും മേല്‍നോട്ടം ജില്ലാതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കാണ്. കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏർപ്പെടുത്തി സജ്ജമാക്കേണ്ട ചുമതല അതത്‌ ബ്ലോക്ക് പഞ്ചായത്ത്‌ സെക്രട്ടറിയ്ക്കും മുൻസിപ്പല്‍ സെക്രട്ടറിയ്ക്കുമാണ്. കേന്ദ്രങ്ങളില്‍ ഏർപ്പെടുത്തേണ്ട അടിസ്ഥാന സൗകര്യങ്ങളും തുടർനടപടികള്‍ക്കുള്ള വിശദമായ മാർഗ്ഗരേഖയും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക്‌ നല്‍കിയിട്ടുണ്ട്. വോട്ടെടുപ്പ്, വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേയും വിതരണ കേന്ദ്രത്തിലേയും പാഴ്വസ്തുക്കള്‍ നീക്കം ചെയ്യുന്നതില്‍ ഹരിതച്ചട്ടം കർശനമായി പാലിക്കണമെന്നും കമ്മീഷൻ നിർദ്ദേശംനല്‍കി.