രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്ത 86,508 കേസുകളില്‍ എഴുപത്തിയഞ്ച് ശതമാനവും പത്ത് സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയാണ് കേസുകളുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. പത്തില്‍ ഒന്നായി കേരളവും ഉണ്ട്

മഹാരാഷ്ട്രയില്‍ മാത്രം 21,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 7000 കേസുകളുള്ള ആന്ധ്രാപ്രദേശും 6000 കേസ് റിപ്പോര്‍ട്ട് ചെയ്ത കര്‍ണാടകയും തൊട്ടു പിന്നാലെ തന്നെയുണ്ട്. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ച്‌ ഏറ്റവും കൂടുതല്‍ കേസുകളുള്ള പത്ത് സംസ്ഥാനങ്ങളുടെ ലിസ്റ്റ് ഇങ്ങനെയാണ്. മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, ഒഡീഷ, ദില്ലി, കേരളം, പശ്ചിമ ബംഗാള്‍, ഛത്തീസ്ഗഡ്. കൊറോണ വൈറസ് മൂലം കഴിഞ്ഞ ദിവസം മാത്രമായി 1,129 മരണങ്ങളും ഈ 10 സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, പഞ്ചാബ്, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക, ദില്ലി, ഹരിയാന എന്നിവിടങ്ങളിലാണ് 83 ശതമാനം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ 479 മരണങ്ങളും ഉത്തര്‍പ്രദേശില്‍ 87 ഉം പഞ്ചാബില്‍ 64 മരണങ്ങളുമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്.

കേരളത്തില്‍ ഇന്നലെ ആദ്യമായി കോവിഡ് കേസുകളുടെ എണ്ണം 5000 കടന്നിരുന്നു. 5376 പേര്‍ക്കാണ് ഇന്നലെ മാത്രം സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 20 പേര്‍ മരിച്ചിരുന്നു.