കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 1.33 ലക്ഷം പേര്‍ക്കാണ് ലോകമെമ്ബാടും പുതിയതായി കൊറോണ വൈറസ് സ്ഥിരീകരിച്ചത്. 5,154 പേര്‍ മരിച്ചു. അമേരിക്കയില്‍ രോഗികളുടെ എണ്ണം 20 ലക്ഷം കടന്നു. ബ്രസീലില്‍ 1300 ലേറെ പേര്‍ കൂടി മരിച്ചു. രാജ്യത്ത് മാത്രം 33,000 ലധികം പേര്‍ക്കാണ് പുതിയതായി രോഗം കണ്ടെത്തിയത്. ടെക്‌സസില്‍ മാത്രം ഒരു ദിവസം 2500 പുതിയ രോഗികള്‍. സ്ഥിതിഗതികള്‍ വീണ്ടും രൂക്ഷമാകുന്നതായി സൂചനകള്‍.

ആഫ്രിക്കയില്‍ രോഗം പിടിപ്പെട്ടവരുടെ എണ്ണം രണ്ട് ലക്ഷം പിന്നിട്ടു. ഇതോടെ ലോകമെമ്ബാടും കൊവിഡ് ബാധിച്ചവരുടെ എണ്ണം 74.45 ലക്ഷത്തിലേറെയായി. ഇതില്‍ 37.22 ലക്ഷം പേരുടെ രോഗം ഭേദമായി. ആകെ 4.18 ലക്ഷം പേരാണ് മരിച്ചത്. ഇതില്‍ ഏറെയും അമേരിക്കയിലും യുകെയിലും ബ്രസീലിലുമാണ്.

ലോകത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത അമേരിക്കയില്‍ 20.66 ലക്ഷം പേര്‍ക്കാണ് രോഗമുള്ളത്.115,129 പേര്‍ മരിച്ചു. ബ്രസീലില്‍ 7.75 ലക്ഷം പേര്‍ക്കും റഷ്യയില്‍ 4.93 ലക്ഷം പേര്‍ക്കും രോഗം പിടിപെട്ടിട്ടുണ്ട്. യുകെയില്‍ 2.90 ലക്ഷം, സ്പെയിനില്‍ 2.89 ലക്ഷം, ഇറ്റലിയില്‍ 2.35 ലക്ഷം എന്നിങ്ങനെയാണ് രോഗം പിടിപെട്ടവരുടെ എണ്ണം. ബ്രസീലില്‍ 39,797 പേരും റഷ്യയില്‍ 6,358 പേരും യുകെയില്‍ 41,128 പേരും മരിച്ചു.

രോഗം ഭേദമായവരില്‍ കൂടുതല്‍ പേരും അമേരിക്കയിലും ബ്രസീലിലുമാണ്. അമേരിക്കയില്‍ എട്ടു ലക്ഷത്തിലേറെ പേരുടെയും ബ്രസീലില്‍ 3.80 ലക്ഷം പേരുടെയും രോഗം ഭേദമായി.

ഇന്ത്യയില്‍ കൊറോണ വൈറസ് പിടിപ്പെട്ടവരുടെ എണ്ണം 2,76,583 ആയി ഉയര്‍ന്നു. ഇതില്‍ 1.35 ലക്ഷം പേരുടെ രോഗം ഭേദമായി. ആകെ 7745 പേരാണ് മരിച്ചത്. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‍തത് മഹാരാഷ്ട്രയിലാണ്. 90,787 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 3289 പേര്‍ മരിച്ചു. തമിഴ്നാട്ടില്‍ 34914 പേര്‍ക്കും ഡല്‍ഹിയില്‍ 31309 പേര്‍ക്കും രോഗമുണ്ട്.