മലപ്പുറം: 2025 ഓടെ ഇന്ത്യ ലോകത്തിലെത്തന്നെ ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുള്ള രാജ്യങ്ങളിലൊന്നാവുമെന്ന് പഠന റിപ്പോര്‍ട്ട്. ഈ മാസം പുറത്തിറക്കിയ എറിക്സണ്‍ മൊബിലിറ്റി റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. മൊബൈല്‍ഫോണ്‍, ഇന്റര്‍നെറ്റ് മേഖലയിലെ പുതിയ പ്രവണതകളെ വിശകലനം ചെയ്യുന്ന സംവിധാനമാണിത്.

നിലവില്‍ ഇന്ത്യയില്‍ ഒരുവ്യക്തി മാസം ശരാശരി 12 ജി.ബി. ഡേറ്റയാണ് ഉപയോഗിക്കുന്നത്. ഇത് 2025 ഓടെ 25 ജി.ബിയായി ഉയരുമെന്നാണ് പറയുന്നത്. കുറഞ്ഞവിലയ്ക്ക് ഡേറ്റ ലഭിക്കുന്നതും സ്മാര്‍ട്ട് ഫോണ്‍ ലഭിക്കുന്നതും കൂടുതല്‍ വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യുന്ന സ്വഭാവമുള്ളതുമാണ് പ്രധാനകാരണമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

മാത്രമല്ല, ഫോര്‍ ജി സൗകര്യം വ്യാപകമാവുന്നതും ഇന്റര്‍നെറ്റ് ഉപയോഗം വര്‍ധിപ്പിക്കും. 2019-ല്‍ രാജ്യത്ത് 62 കോടി സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കളുണ്ടായിരുന്നു. 2025-ല്‍ അത് നൂറു കോടിയാവുമെന്നാണ് കണക്ക്. നാല്‍പ്പത് കോടിയോളം ഫോണ്‍ ഉപയോക്താക്കളുടെ വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയില്‍ ഫോണ്‍ ഉപയോഗിക്കുന്നവരില്‍ നാലുശതമാനം മാത്രമാണ് ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ഉപയോഗിക്കുന്നത്. ബാക്കിയുള്ളവരെല്ലാം മറ്റു ഡേറ്റകളാണ് ഉപയോഗിക്കുന്നത്. 2025 ഓടെ രാജ്യത്തെ 18 ശതമാനം മൊബൈല്‍ ഉപയോക്താക്കളും ഫൈവ് ജിയിലേക്ക് മാറുമെന്നും ആരോഗ്യ-വിദ്യാഭ്യാസ-സര്‍ക്കാര്‍ സേവന മേഖലകളിലെല്ലാം അത് വന്‍വിപ്ലവമുണ്ടാക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.