2020 ലെ ഏറ്റവും പ്രസിദ്ധമായ വാചകം കോവിഡുമായി ബന്ധപ്പെട്ടു തന്നെ; മാസ്കുമായും. അമേരിക്കയിലെ യേൽ ബുക്ക് ഓഫ് ക്വട്ടേഷൻസാണ് ഈ വര്‍ഷത്തെ ലോകപ്രശസ്ത വാചകം കണ്ടെത്തിയത്: മാസ്ക് ധരിക്കൂ ! പ്രശസ്ത രോഗപ്രതിരോധ ശാസ്ത്രജ്ഞനും വൈറ്റ് ഹൗസിന്റെ കൊറോണ വൈറസ് സായുധ സേന അംഗവുമായ ഡോ. ആന്തണി സ്റ്റീഫൻ ഫൗചിയോടാണ് വാക്കുകൾക്കു കടപ്പാട്. അമേരിക്കന്‍ ജനതയോടും ലോകത്തോടുമായി ഫോസി പങ്കു വച്ച നിർദേശം അങ്ങനെ 2020 ന്റെ മുഖമുദ്രയായിരിക്കുന്നു.

വർഷം തോറും പുതിയ വാചകങ്ങള്‍ യേൽ ബുക്ക് ഓഫ് ക്വട്ടേഷൻസിൽ ഉള്‍പ്പെടുത്താറുണ്ട്. ഈ വർഷം ഉൾപ്പെടുത്തിയിരിക്കുന്നത് പത്തു പ്രമുഖ ഉദ്ധരണികളാണ്. രാജ്യത്തെ പ്രബോധിപ്പിച്ച, അമ്പരപ്പിച്ച, രസിപ്പിക്കുകയും നോവിക്കുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്ത വാക്കുകളും വാക്യങ്ങളും. പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത് ലോക മനസ്സാക്ഷിയെ മുറിവേല്‍പിച്ച പിടച്ചിലിന്റെ ശബ്ദം.

‘എനിക്കു ശ്വസിക്കാനാവുന്നില്ല’.

മിനിയപ്പലിസിൽ പോലീസ് കസ്റ്റഡിയിൽ കഴുത്തു ഞെരിഞ്ഞമർന്നു ശ്വാസം മുട്ടി മരിച്ച ജോർജ് ഫ്ലോയിഡിന്റെ അവസാന വാക്കുകൾ. മരണത്തിന്റെ തണുപ്പിനു മുന്നിലും ജീവന്റെ ചൂടിനു വേണ്ടി കൊതിച്ച യാചനയുടെ സ്വരം. ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രക്ഷോഭത്തിലൂടെ ഒരു ജനത മുഴുവനും ഏറ്റു പറഞ്ഞു: ഞങ്ങൾക്കു ശ്വസിക്കാനാവുന്നില്ല.

‘ഒരദ്ഭുതം പോലെ ഒരിക്കലതു മാഞ്ഞു പോകും’– കൊറോണ വൈറസിനെപ്പറ്റി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന; പട്ടികയിൽ മൂന്നാമത്തേത്. അമേരിക്കയിൽ മാത്രം ഒരു കോടിയിലധികം കേസുകൾ റിപ്പോർട്ടു ചെയ്ത സാഹചര്യത്തിലും കോവിഡിനെ നിസ്സാരവൽക്കരിച്ച ട്രംപിന്റെ മനോഭാവം വിമർശിക്കപ്പെട്ടിരുന്നു. പകർച്ചവ്യാധിയുടെ അപകട സാധ്യതകളെപ്പറ്റി ബോധ്യമുണ്ടായിരുന്നിട്ടും ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്താതിരിക്കാനാണ് അങ്ങനെ പറഞ്ഞതെന്നായിരുന്നു ന്യായീകരണം.

നാലാം സ്ഥാനത്തും ട്രംപ് തന്നെ. ‘ഒരൊറ്റ മിനിറ്റു കൊണ്ട് കീടാണുക്കളെ നശിപ്പിക്കാൻ അണുനാശിനികൾക്കു കഴിയുമെങ്കിൽ ശരീരത്തിനുള്ളിലേക്ക് അതു കുത്തിവച്ചു കൊറോണയെ നശിപ്പിക്കാൻ എന്തെങ്കിലും വഴിയുണ്ടോ’. അശാസ്ത്രീയവും അപകടകരവുമായ ട്രംപിന്റെ ചോദ്യം സാധാരണക്കാരെ സ്വാധീനിക്കാതിരിക്കാൻ മെഡിക്കൽ രംഗത്തെ വിദഗ്ധർക്ക് ഏറെ പണിപ്പെടേണ്ടി വന്നു. അബദ്ധധാരണകൾ ഒഴിവാക്കാൻ പ്രമുഖ ഡിസ് ഇന്‍ഫെക്റ്റന്റ് കമ്പനിയായ ലൈസോൾ വരെ മുന്നിട്ടിറങ്ങി.

അർബുദ ബാധിതയായി മരിച്ച യുഎസ് സുപ്രീം കോടതി ജഡ്ജി റൂത്ത് ഗിൻസ്ബർഗിന്റെ അവസാനത്തെ ആഗ്രഹവും നിരയിൽ ഇടം പിടിച്ചു. ‘ഞാൻ മരിച്ചാലും രാജ്യത്തിനു പുതിയൊരു പ്രസിഡന്റിനെ കിട്ടുന്നതു വരെയെങ്കിലും പദവിയിൽനിന്ന് എന്നെ ഒഴിവാക്കാതെയിരുന്നെങ്കിൽ.’ഗിൻസ്ബർഗ് മരിച്ച് മൂന്നാം ദിവസം പദവിക്കു പുതിയ സ്ഥാനാർഥിയുണ്ടായി. ആഗ്രഹം സാധിച്ചില്ലെങ്കിലും അർഹിച്ച ആദരങ്ങളോടെ രാജ്യം ഗിൻസ്ബർഗിനെ യാത്രയാക്കി.

‘ആരെ തിരഞ്ഞെടുക്കണം, എന്നെയോ ട്രംപിനെയോ എന്ന സംശയം ബാക്കിയാണെങ്കിൽ നിങ്ങളൊരുപക്ഷേ കറുത്ത വർഗ്ഗക്കാരനായിരിക്കില്ല.’– അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിവാദമായ വാചകവും പട്ടികയിലുണ്ട്.