വാഷിങ്ടൻ: ഈജിപ്തിലെ ഷാം എൽ-ഷെയ്ക്കിൽ നടന്ന തീവ്രമായ ചർച്ചകൾക്ക് ശേഷമാണ് ബന്ദികളെ കൈമാറാനുള്ള കരാറിൽ ഇസ്രയേലും ഹമാസും എത്തിയത്. കരാർ നടപ്പിലാക്കി 72 മണിക്കൂറിനുള്ളിൽ ബന്ദികളെ ഇരുകൂട്ടരും കൈമാറമണെന്നതാണ് പ്രധാന വ്യവസ്ഥ. ഗാസയിൽ ജീവനോടെയുള്ള 20 ഇസ്രയേലി ബന്ദികൾക്ക് പകരം ഇസ്രയേലിലെ ജയിലിൽ കഴിയുന്ന 2,000 പലസ്തീൻ തടവുകാരെയാണ് കൈമാറുന്നതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനും ഇസ്രയേൽ സൈന്യത്തെ പിൻവലിക്കാനും കരാറിൽ വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന് ഹമാസ് നേതാക്കൾ അറിയിച്ചു. ഇസ്രയേലുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിച്ചതിന് ഹമാസ് മധ്യസ്ഥർക്കും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നന്ദി പറഞ്ഞു.
അതേസമയം, പലസ്തീൻ ജനതയുടെ സ്വാതന്ത്ര്യവും സ്വയം നിർണയാവകാശവും നേടിയെടുക്കുന്നതിൽ ഹമാസ് എന്നും പ്രതിജ്ഞാബദ്ധരായിരിക്കുമെന്നും നേതാക്കൾ അറിയിച്ചു. ‘‘ഗാസ മുനമ്പിലും, ജറുസലേമിലും, വെസ്റ്റ് ബാങ്കിലും, മാതൃരാജ്യത്തിനകത്തും പുറത്തും, പലസ്തീനികളുടെ അവകാശങ്ങളെ ലക്ഷ്യം വച്ച് നടക്കുന്ന അധിനിവേശ ഫാസിസ്റ്റ് പദ്ധതികളെ നേരിടുന്നതിന് മുന്നോട്ടുവന്ന നമ്മുടെ പൂർവീകരെ ഞങ്ങൾ അഭിവാദ്യം ചെയ്യുന്നു. ഗാസയിലെ ജനങ്ങളുടെ ത്യാഗങ്ങളെ ബഹുമാനിക്കുന്നു. പലസ്തീൻ ജനതയുടെ സ്വാതന്ത്ര്യം, സ്വയം നിർണയാവകാശം എന്നിവ നേടിയെടുക്കുന്നതിൽ എന്നും ഞങ്ങൾ പ്രതിജ്ഞാബദ്ധരായിരിക്കുമെന്നും പ്രതിജ്ഞയെടുക്കുന്നു’’ – ഹമാസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ട്രംപിന്റെ ബന്ദികൈമാറ്റ പ്രഖ്യാപനത്തിനു പിന്നാലെയാണ് ഹമാസിന്റെ പ്രസ്താവന.