അവകാശവാദമുന്നയിച്ച് മൂന്നു ദിവസത്തിനിടെ മൂന്നാം തവണയും തമിഴ്‌നാട് ഗവർണറെ കണ്ടതോടെ വിജയിയുടെ ടി.വി.കെ അധികാരം ഉറപ്പിച്ചെന്ന് കരുതിയിരുന്നതാണ്. കോൺഗ്രസ് (5), ഇടത് പാർട്ടികൾ (4), കൂടാതെ വി.സി.കെ.യുടെ പിന്തുണയും കൂടിയായപ്പോൾ മാന്ത്രിക സംഖ്യയായ 118 ടി.വി.കെയ്ക്ക് ലഭിച്ചുവെന്ന് എല്ലാവരും വിശ്വസിച്ചു.
എന്നാൽ, തമിഴ്നാട് രാഷ്ട്രീയ നാടകങ്ങളിൽ അനിശ്ചിതത്വം വീണ്ടും തുടരുകയാണ്. ഗവർണർ രാജേന്ദ്ര അർലേക്കർ വിജയിയെ വീണ്ടും മടക്കി അയച്ചു. ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യമായ അംഗസംഖ്യ ടി.വി.കെയുടെ കൈവശമില്ലെന്ന് രാജ്ഭവൻ വൃത്തങ്ങൾ ഇന്ത്യ ടുഡേയോട് പറഞ്ഞു. 120 പേരുടെ പിന്തുണയുണ്ടെന്നാണ് അവകാശപ്പെട്ടിരുന്നതെങ്കിലും മുസ്ലിം ലീഗ്, വി.സി.കെ കക്ഷികളുടെ പിന്തുണക്കത്ത് ഹാജരാക്കിയിട്ടില്ലെന്നും രാജ്ഭവൻ വ്യക്തമാക്കി.



