കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭാരത് ജോഡോ യാത്രയെ എതിർക്കേണ്ടതില്ലെന്ന തീരുമാനത്തിൽ സിപിഎം. രാഹുൽ ഗാന്ധിയുടെ യാത്രയെക്കുറിച്ച് ചർച്ച ചെയ്ത സിപിഎം പൊളിറ്റ് ബ്യൂറോയാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. രാഹുലിന്റെ യാത്രയെ എതിർക്കേണ്ടതില്ലെന്ന പൊതുവികാരമാണ് കേന്ദ്രനേതൃത്വത്തിനുള്ളത്. ഭാരത് ജോഡോ യാത്ര കേരളത്തിൽ പ്രവേശിച്ചതിനു പിന്നാലെ പാർട്ടിക്കുള്ളിൽ രൂപപ്പെട്ട ആശയക്കുഴപ്പത്തിന്റ പശ്ചാത്തലത്തിലാണ് പൊളിറ്റ് ബ്യൂറോയുടെ നിലപാട്.
ഭാരത് ജോഡോ യാത്ര പ്രതിപക്ഷ ഐക്യത്തിൽ വിള്ളലുണ്ടാക്കില്ലെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. ബിജെപിയെ നേരിടാൻ പ്രതിപക്ഷ പാർട്ടികൾ സ്വയം ശക്തിപ്പെടേണ്ടതുണ്ട്. കേരളത്തിലെ സ്വാധീനം കണക്കിലെടുത്താകും യാത്രയ്ക്കായി ഇവിടെ കൂടുതൽ സമയം മാറ്റിവച്ചത്. സമാനമായ യാത്രകൾ പാർട്ടികൾ അവരവരുടെ ശക്തികേന്ദ്രങ്ങളിൽ നടത്താറുണ്ടെന്നും പിബി ചൂണ്ടിക്കാട്ടി.



