താന്‍ വാങ്ങിയ കടല്‍ വിഭവത്തില്‍ നിന്ന് കോടി കണക്കിന് രൂപ (പതിനായിരക്കണക്കിന് പൗണ്ട്) മൂല്യമുള്ള പവിഴം ലഭിച്ചതിന്റെ അങ്കലാപ്പിലാണ് കൊചാക്കോണ്‍ എന്ന തായ് യുവതി. ജനുവരി 30 ന് കൊചാക്കോണ്‍ തായ്‌ലന്‍ഡിലെ ഒരു പ്രാദേശിക മാര്‍ക്കറ്റില്‍ നിന്ന് 164 രൂപ നല്‍കി(1.65 പൗണ്ട്) അത്താഴത്തിനായി വാങ്ങിയ ഒച്ചുകള്‍ മുറിക്കുമ്ബോഴാണ് ഒരു ഷെല്ലിനുള്ളില്‍ ഒരു ഓറഞ്ച് നിറത്തിലുള്ള വസ്തു കണ്ടെത്തിയത്. ആദ്യം അതൊരു കല്ലാണെന്നാണ് അവള്‍ കരുതിയത്. എന്നാല്‍ തനിക്ക് ലഭിച്ചിരിക്കുന്നത് 1.5 സെന്റി മീറ്റര്‍ വ്യാസമുള്ള ആറ് ഗ്രാം ഭാരം വരുന്ന മെലോ പേള്‍ എന്ന പ്രത്യേകതരം പവിഴമാണെന്ന് പിന്നീട് കൊചാക്കോണ്‍ തിരിച്ചറിഞ്ഞു. പവിഴത്തിന്റെ ഗുണനിലവാരം അനുസരിച്ച്‌ ചെറുതല്ലാത്ത ഒരു ഭാഗ്യം തന്നെ കാത്തിരിക്കുന്നു എന്നു അവള്‍ മനസിലാക്കി. വില്‍പ്പനക്കാരന്‍ പവിഴം തിരികെ ആവശ്യപ്പെടുമോ എന്ന് ഭയന്ന് കൊചാക്കോണും കുടുംബവും ഈ കാര്യം രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. പക്ഷേ ഇപ്പോള്‍ അമ്മയുടെ ചികിത്സക്കായി പവിഴം വില്‍ക്കാനൊരുങ്ങുകയാണ് ഈ കുടുംബം.

അടുത്തിടെ ഉണ്ടായ ഒരു അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു കൊചാക്കോണിന്‍റെ അമ്മ. കൂടാതെ ക്യാന്‍സറിനും ചികിത്സയിലാണ് അവര്‍. കൊചാക്കോണിന്‍റെ അമ്മയ്ക്ക് 17 ലക്ഷത്തോളം ആശുപത്രിയില്‍ ചികിത്സാ ചെലവ് ഇനത്തില്‍ കണ്ടെത്തേണ്ട അവസ്ഥയിലായിരുന്നു. അമ്മയ്ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാന്‍ ഈ പവിഴം സഹായിച്ചേക്കുമെന്നാണ് കൊചാകോണ്‍ പറയുന്നത്. ഇപ്പോള്‍ ഇതാണ് തങ്ങളുടെ ഏക പ്രതീക്ഷയെന്നും അവര്‍ പറയുന്നു.

തനിക്ക് ലഭിച്ച വസ്തു കൊചാക്കോണ്‍ അമ്മയെ കാണിച്ചപ്പോള്‍ അവരാണ് അതൊരു മെലോ പേള്‍ ആണെന്നും ഇത്തരത്തില്‍ ഒരെണ്ണം വിറ്റ് ഭാഗ്യവാനായ മല്‍സ്യത്തൊഴിലാളിയെക്കുറിച്ച്‌ കേട്ടിട്ടുണ്ടെന്നും പറഞ്ഞത്. മാര്‍ച്ച്‌ 18 ന്, തനിക്ക് ആവശ്യമായ പണം ലഭിക്കുമെന്ന പ്രതീക്ഷയില്‍ കൊചാക്കോണ്‍ മെലോ പേള്‍ പൊതുജനങ്ങള്‍ക്ക് മുന്‍പില്‍ വില്‍പ്പനക്ക് വെച്ചു. തങ്ങളുടെ മുത്തുകള്‍ വിറ്റ മറ്റ് ആളുകളുടെ കഥകള്‍ കണ്ട ശേഷം ബുദ്ധിമുട്ടനുഭവിക്കുന്ന തന്റെ കുടുംബത്തിനും ഈ അമൂല്യ മുത്ത് അനുഗ്രഹമാകുമെന്ന് കരുതുന്നതായി മാധ്യമങ്ങളോട് സംസാരിക്കവേ അവര്‍ പറഞ്ഞു.

മെലോ മുത്തുകള്‍ സാധാരണയായി ഓറഞ്ച് മുതല്‍ ടാന്‍ വരെ തവിട്ട് നിറമായിരിക്കും, ഓറഞ്ച് ഏറ്റവും വിലപ്പെട്ടതും സാധാരണയായി ദക്ഷിണ ചൈനാ കടലിലും മ്യാന്‍മര്‍ തീരത്ത് ആന്‍ഡമാന്‍ കടലിലും കാണപ്പെടുന്നതുമായ മെലോ മുത്താണ്. വോളുടൈഡ് എന്ന ഒരുതരം കടല്‍ ഒച്ചുകളാണ് ഇവ ഉല്‍പ്പാദിപ്പിക്കുന്നത്. ഫെബ്രുവരിയില്‍ മോണ്ടിയന്‍ ജാസൂക് എന്ന പര്‍വ്വതാരോഹകനും തങ്ങളുടെ ഭക്ഷണത്തില്‍ മെലോ പേള്‍ കണ്ടെത്തിയിരുന്നു. 13.11 ഗ്രാം ഭാരമുണ്ടായിരുന്ന ആ മുത്ത് ഏകദേശം 69 ലക്ഷം രൂപ വില വരുന്നതായിരുന്നു.