സന്‍ഫ്രാന്‍സിസ്കോ: ട്വീറ്റുകൾ എഡിറ്റ് ചെയ്യാനുള്ള ഫീച്ചര്‍ അവതരിപ്പിച്ച് ട്വിറ്റര്‍. എഡിറ്റ് ട്വീറ്റ് എന്ന് പേരിട്ടിരിക്കുന്ന ഈ ഫീച്ചർ പബ്ലിഷ് ചെയ്ത ട്വീറ്റുകളിൽ മാറ്റങ്ങൾ വരുത്താൻ ഉപയോക്താക്കള്‍ക്ക് അവസരം നല്‍കുന്നു. ഈ ഫീച്ചർ ഇപ്പോള്‍ ഇന്‍റേണല്‍ ടെസ്റ്റിംഗിലാണെന്നും. വരും ആഴ്ചകളിൽ പുറത്തിറക്കുമെന്നും ട്വിറ്റർ പറയുന്നു.
“നിങ്ങൾ എഡിറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ ട്വീറ്റില്‍ കാണുകയാണെങ്കിൽ, എഡിറ്റ് ബട്ടൺ നിങ്ങള്‍ക്ക് പരീക്ഷണാര്‍ത്ഥത്തില്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം” പുതിയ ഫീച്ചർ പ്രഖ്യാപിച്ചുകൊണ്ട് കമ്പനി ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു.
നിലവിൽ, ട്വിറ്ററിൽ ഒരിക്കൽ പോസ്റ്റ് ചെയ്ത ഉള്ളടക്കത്തില്‍ മാറ്റം വരുത്താന്‍ സാധിക്കില്ല. ഏതെങ്കിലും അക്ഷരത്തെറ്റുകളോ മാറ്റങ്ങളോ ഉണ്ടായാൽ ആ ട്വീറ്റ് ഡിലീറ്റ് ചെയ്ത് വീണ്ടും പോസ്റ്റ് ചെയ്യുകയെ നിവൃത്തിയുള്ളൂ. എഡിറ്റ് ട്വീറ്റ് ഫീച്ചർ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് ഒരു ട്വീറ്റ് പോസ്റ്റ് ചെയ്തതിന് ശേഷം അതില്‍ തെറ്റോ മറ്റൊ ഉണ്ടെങ്കില്‍ പരിഹരിക്കാം.
എന്നാല്‍ ഏത് സമയത്തും ട്വീറ്റ് എഡിറ്റ് ചെയ്യാന്‍ സാധിക്കില്ല. അതിന് സമയ പരിധിയുണ്ട്. ഒരു ട്വീറ്റ് പ്രസിദ്ധീകരിച്ചതിന് ശേഷം 30 മിനിറ്റിനുള്ളിൽ ട്വീറ്റുകൾ എഡിറ്റ് ചെയ്യാനാണ് ട്വിറ്റര്‍ അനുവദിക്കുന്നത്. “അക്ഷരത്തെറ്റുകൾ പരിഹരിക്കുക, വിട്ടുപോയ ഹാഷ് ടാഗുകൾ ചേർക്കുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യാം” കമ്പനി പുതിയ ഫീച്ചര്‍ വിശദീകരിക്കുന്നു.



