തൃശ്ശൂര്‍: കൊവിഡ് പ്രതിരോധിക്കാനെന്ന പേരില്‍ സര്‍ക്കാര്‍ 144 പ്രഖ്യാപിച്ചത് അഴിമതിക്കെതിരായ സമരങ്ങളില്‍ നിന്നും രക്ഷപ്പെടാനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്. സ്വര്‍ണ്ണക്കള്ളക്കടത്തിലും ലൈഫ് അഴിമതിയിലും പങ്കുള്ള മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നടത്തുന്ന നില്പ്പുസമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശ്ശൂരില്‍ നിര്‍വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയില്‍ ഒരിടത്തും ഇല്ലാത്ത കരിനിയമം കേരളത്തില്‍ അടിച്ചേല്‍പ്പിക്കുകയാണ് പിണറായി.കൊവിഡ് പ്രതിസന്ധി കാരണമല്ല ലാവ്ലിന് കേസ് സുപ്രീംകോടതി പരിഗണിക്കുന്നതും ലൈഫ്മിഷന് കേസ് സി.ബി.ഐ അന്വേഷിക്കുന്നതുമാണ് ജനങ്ങളെ തടവിലാക്കാന്‍ പിണറായിയെ പ്രേരിപ്പിക്കുന്നത്. പല സി.പി.എം നേതാക്കളും കുടുങ്ങുമെന്നായപ്പോള്‍ ജനങ്ങളുടെ വായ്മൂടിക്കെട്ടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
144 പ്രഖ്യാപിച്ച് ജനങ്ങളെ തടവറയിലിടാമെന്ന് മുഖ്യമന്ത്രി കരുതരുത്. ജനങ്ങളും ബി.ജെ.പിയും ഇത് അംഗീകരിക്കില്ലെന്നും സുരേന്ദ്രന് പറഞ്ഞു. മുഖ്യമന്ത്രി പറയുന്നതെല്ലാം ചെന്നിത്തല അംഗീകരിക്കും. എന്നാല്‍ തെരുവിലിറങ്ങേണ്ടി വന്നാല്‍ ബിജെപി തെരുവിലിറങ്ങും. സമ്പൂര്‍ണ്ണമായ അടച്ചില്‍ ഇല്ലായെന്ന് സര്‍വ്വകക്ഷിയോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞതാണ്. സര്‍ക്കാര്‍ പ്രതിരോധത്തിലായപ്പോള്‍ തീരുമാനങ്ങള്‍ ലംഘിക്കുകയാണ്. സര്‍ക്കാര്‍ അമിതാധികാരം പ്രയോഗിക്കുകയാണ്.
രാജ്യത്ത് എല്ലാം സാധാരണ നിലയിലേക്ക് പോവുമ്പോള്‍ കേരളത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണ്.
സിപിഎമ്മിലെ മൂന്ന് എംഎല്‍എമാര്‍ക്ക് അന്താരാഷ്ട്ര സ്വര്‍ണ്ണകള്ളക്കടത്തുകാരുമായി ബന്ധമുണ്ട്. ഏതെങ്കിലും ചില പ്രദേശങ്ങള്‍ ലോക്ക് ചെയ്യുന്നതിന് ഞങ്ങള്‍ എതിരല്ല, എന്നാല്‍ സംസ്ഥാനം മുഴുവന്‍ ലോക്ക് ചെയ്യാന്‍ ശ്രമിക്കരുതെന്നും സുരേന്ദ്രന് പറഞ്ഞു.
കള്ളക്കടത്തുകാരുമായി പണം വാങ്ങിയാണ് 3 പേര്‍ക്കും സീറ്റ് നല്‍കിയത്. ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ.നാഗേഷ്, ജില്ലാ ജനറല്‍ സെക്രട്ടറി ഉല്ലാസ് ബാബു, മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി. മേനോന് പറഞ്ഞു.