രാജ്യത്തെ പ്രമുഖ പാൽ ഉത്പന്ന ബ്രാൻഡായ ക്വാളിറ്റി ലിമിറ്റഡിനെതിരെ 1400 കോടി രൂപയുടെ വായ്പാ തിരിമറിയുടെ കേസ് ചുമത്തി സിബിഐ. സ്ഥാപനത്തിന്റെ എട്ട് ശൃംഖലകളിൽ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് സിബിഐ കേസെടുത്തത്.

ക്വാളിറ്റിയുടെ ഡയറക്ടർ സഞ്ജയ് ധിംഗ്ര, സിദ്ധാന്ത് ഗുപ്ത, അരുൺ ശ്രീവാസ്തവ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന, അഴിമതി എന്നിങ്ങനെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പത്ത് ബാങ്കുകളിൽ നിന്നായി 1400 കോടി രൂപയാണ് സ്ഥാപനം വായ്പ വെട്ടിച്ചിരിക്കുന്നത്.

ബാങ്ക് ഓഫ് ഇന്ത്യ നൽകിയ പരാതിയിലാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. 2010 മുതൽ ബാങ്കിൽ നിന്ന് ക്വാളിറ്റി വായ്പയെടുക്കുന്നുണ്ട്. എന്നാൽ 2018 ഓടെ തിരിച്ചടവിൽ ക്രമക്കേടുകൾ വന്നുതുടങ്ങി. ഓഗസ്റ്റ് 2018ൽ സ്ഥാപനത്തിന്റെ അക്കൗണ്ട് നോൺ-പെർഫോമിംഗ് അസറ്റായി കണക്കാക്കി.

ബാങ്ക് ഓഫ് ഇന്ത്യ, കാനറാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ആന്ധ്ര ബാങ്ക്, കോർപറേഷൻ ബാങ്ക്, ഐഡിബിഐ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ധനലക്ഷ്മി ബാങ്ക്, സിൻഡിക്കേറ്റ് ബാങ്ക് എന്നിവയിൽ നിന്നായി 1400.62 കോടി രൂപയാണ് സ്ഥാപനം വെട്ടിച്ചിരിക്കുന്നതെന്ന് സിബിഐ വാക്താവ് ആർകെ ഗൗർ പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ഐസ്‌ക്രീം ബ്രാൻഡുകളിലൊന്നായ ക്വാളിറ്റി ഡിസംബർ 2018 മുതൽ ‘പാപ്പർ’ പട്ടികയിലാണ്.