മക്ക: കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി വിശുദ്ധ കഅ്ബയുടെ താക്കോല്‍ സൂക്ഷിപ്പുകാരനായിരുന്ന ഡോ. സാലിഹ് ബിന്‍ സൈനുല്‍ ആബിദീന്‍ അല്‍ ശൈബി മക്കയില്‍ അന്തരിച്ചു. കഅബയുടെ 109ാമത്തെ താക്കോല്‍ സൂക്ഷിപ്പുകാരനായ ഇദ്ദേഹം, അമ്മാവന്റെ മരണ ശേഷം 2013ലാണ് ഈ ചുമതല ഏറ്റെടുത്തത്.

പ്രവാചകന്‍ മുഹമ്മദ് നബി മദീനയില്‍ നിന്ന് മക്കയിലെത്തി നഗരത്തിന്റെ അധികാരം ഏറ്റെടുക്കുന്ന വേളയില്‍ വിശുദ്ധ കഅബയുടെ സംരക്ഷണച്ചുമതല മക്കയിലെ പുരാതന ഗോത്രമായിരുന്ന ശൈബി കുടുംബത്തിനാണ് നല്‍കിയിരുന്നത്. അതിനു ശേഷം ഇക്കാലമത്രയും ഇതേ കുടുംബമാണ് അത് കൈകാര്യം ചെയ്തത്.

കഅബ പണികഴിപ്പിച്ച പ്രവാചകന്‍മാരായ ഇബ്‌റാഹീമിന്റെയും ഇസ്മാഈലിന്റെയും കാലത്തു തന്നെ അതിന്റെ സംരക്ഷണ ചുമതല ശൈബീ കുടുംബത്തിനായിരുന്നുവെന്നാണ് ചരിത്രം. പ്രവാചകന്‍ മുഹമ്മദ് നബി ശൈഹി കുടുംബത്തിന് കഅബയുടെ താക്കോല്‍ ഏല്‍പ്പിക്കുന്ന വേളയില്‍ ‘പുനരുത്ഥാന നാള്‍ വരെ ഒരു അക്രമിയല്ലാതെ ഈ താക്കോള്‍ നിന്റെ കൈയില്‍ തട്ടിയെടുക്കില്ല’ എന്ന് പ്രവാചകന്‍ പറഞ്ഞതായി ചരിത്രത്തില്‍ കാണാനം.

മക്കയിലെ ഗ്രാന്‍ഡ് മസ്ജിദില്‍ വച്ചുള്ള മയ്യിത്ത് നമസ്‌ക്കാരത്തിനും പ്രാര്‍ഥനയ്ക്കും ശേഷം പ്രവാചക കുടുംബവും അനുചരന്മാരും അന്ത്യവിശ്രമം കൊള്ളുന്ന മക്കയിലെ ജന്നത്തുല്‍ മുഅല്ലയിലാണ് ഡോ. സാലിഹ് അല്‍ ശൈബിയുടെ കബറടക്കം നടന്നത്. ഹജ്ജ് കര്‍മം പൂര്‍ത്തിയായ ശേഷം അടുത്ത മുഹറം മാസത്തില്‍ കഅ്ബ കഴുകല്‍ ചടങ്ങ് നടക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ അന്ത്യം.