ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കിയ വാക്‌സിന്‍ ഡോസുകളിലേറെയും വെറുതെ കെട്ടിക്കിടക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ .വിവിധ സംസ്ഥാനങ്ങളിലേക്ക് 1.85 കോടി വാക്‌സിന്‍ അനുവദിച്ചിട്ടും സ്വകാര്യ ആശുപത്രികള്‍ ഉപയോഗിച്ചത് 17 ശതമാനം അഥവാ, 22 ലക്ഷം മാത്രം.
മേയില്‍ 7.4 കോടി വാക്സിനാണ് രാജ്യത്ത് സര്‍ക്കാര്‍ -സ്വകാര്യ മേഖലകള്‍ക്കായി കേന്ദ്രം അനുവദിച്ചത്. ഇതില്‍ 1.85 കോടി സ്വകാര്യ ആശുപത്രികള്‍ക്ക് വേണ്ടി നീക്കിവെച്ചുവെങ്കിലും അവ ഏറ്റെടുത്തത് 1.29 കോടി. ഇതില്‍ 22 ലക്ഷം വാക്സിനുകള്‍ ഉപയോഗിച്ചതായാണ് കണക്ക്.
പല സംസ്ഥാനങ്ങളിലും സ്വകാര്യ ആശുപത്രികളിെലത്തി ഉയര്‍ന്ന തുക നല്‍കി വാക്‌സിന്‍ സ്വീകരിക്കുന്നതിന് പകരം വേണ്ടെന്നുവെക്കുന്നതാണ് ഇത്രയും കുറയാനിടയാക്കിയതെന്നാണ് നിഗമനം . കോവിഷീല്‍ഡ് വാക്‌സിന്‍ 780 രൂപയും സ്പുട്നികിന് 1,145 രൂപയും തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിന് 1,410 രൂപയുമാണ് ഒരു ഡോസിന് വില. നികുതിയും 150 രൂപ സര്‍വീസ് തുകയും അടക്കമാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.
അതെ സമയം നിര്‍മ്മിക്കുന്ന മൊത്തം വാക്സിന്റെ 75 ശതമാനവും നേരിട്ട് വാങ്ങുമെന്ന് അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അവശേഷിച്ച 25 ശതമാനം സ്വകാര്യ മേഖലക്കാണ്.രാജ്യത്ത് ഇതുവരെ 24 കോടി ഡോസ് വാക്സിനാണ് വിതരണം ചെയ്തത് . ഡിസംബറോട് കൂടി 108 കോടി പേരിലാണ് വാക്‌സിന്‍ വിതരണം ചെയ്യുക.



