തിരുവനന്തപുരം: വിദേശത്തുനിന്ന് മടങ്ങിവരുന്നവരെ അവരുടെ സ്വന്തം ജില്ലകളിലെ ക്വാറന്ൈറൻ സൗകര്യങ്ങളിൽ പാർപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ 1.6 ലക്ഷം ക്വാറന്ൈറൻ കിടക്കകൾ തയാറാണെന്നും കൂടുതൽ സൗകര്യം ആവശ്യമെങ്കിൽ ഒഴിഞ്ഞുകിടക്കുന്ന വലിയ വീടുകൾ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിദേശത്തുനിന്ന് വരുന്നവരെ വിമാനത്താവളങ്ങളോട് അനുബന്ധിച്ചുള്ള ക്വാറന്ൈറൻ കേന്ദ്രങ്ങളിൽ മാത്രമല്ല താമസിപ്പിക്കുക. അവരുടെ ജില്ലയിലെ ക്വാറന്ൈറൻ കേന്ദ്രങ്ങളും ഇതിനായി ഉപയോഗിക്കും. എല്ലാ ജില്ലകളിലുമായി 2.5 ലക്ഷം കിടക്കകൾ കണ്ടെത്തിയിട്ടുണ്ട്. 1.6 ലക്ഷം കിടക്കകൾ ഇപ്പോൾ തന്നെ സജ്ജമാണ്. ബാക്കിയുള്ളവ ഉടൻ തയാറാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ഒഴിഞ്ഞുകിടക്കുന്ന ധാരാളം വീടുകളുണ്ട്. വേണ്ടിവന്നാൽ ഇത്തരം വീടുകളും ക്വാറന്ൈറനു വേണ്ടി ഉപയോഗിക്കും. അടുത്താഴ്ച മുതൽ വിമാനങ്ങളുടെ എണ്ണം വർധിക്കും. ആഴ്ചയിൽ 20,000 പേർ എത്തുമെന്നാണു കണക്കാക്കുന്നത്. അവരെ പരിശോധിക്കുമെന്നും ക്വാറന്ൈറൻ ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
നിലവിൽ 45,000 പിസിആർ കിറ്റുകൾ സംസ്ഥാനത്തുണ്ട്. കൂടുതൽ പേർ സംസ്ഥാനത്തേക്കു മടങ്ങിവരുന്ന സാഹചര്യത്തിൽ കൂടുതൽ കിറ്റുകൾക്ക് ഓർഡർ നൽകി. ഈ മാസം അവസാനിക്കുന്പോൾ 60,000 ടെസ്റ്റുകൾ നടത്തും.