ഹോണ്ടുറാസിലെ ജയിലിലുണ്ടായ കലാപത്തെ തുടർന്ന് 50-ഓളം സ്ത്രീകൾ കൊല്ലപ്പെട്ടതിൽ ഫ്രാൻസിസ് മാർപാപ്പ അനുശോചനം അറിയിച്ചു. സ്ത്രീകളുടെ തടവറയിലുണ്ടായ ഏറ്റുമുട്ടലിനിടെ ആരോ തീയിട്ടതാണ് ഇത്രയും പേരുടെ മരണത്തിന് ഇടയാക്കിയത്. ജൂൺ 25-ന് ത്രികാലജപത്തിനു ശേഷം, മാർപാപ്പ മരണമടഞ്ഞവരെ അനുസ്മരിച്ച് പ്രത്യേകം പ്രാർത്ഥിച്ചു.

“ജയിലിൽ മരണമടഞ്ഞവർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. ജയിലറകളിൽ സാഹോദര്യത്തിന്റെയും  സഹവർത്തിത്വത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കപ്പെടാനും തടവിൽ കഴിയുന്നവരുടെ ഹൃദയങ്ങൾ അനുരഞ്ജനത്തിലേക്കും തുറവിയിലേക്കും കടന്നുവരാനും ഹോണ്ടുറാസിന്റെ സംരക്ഷകയായ ഔർ ലേഡി ഓഫ് സുയാപ്പെ സഹായിക്കട്ടെ” – മാർപാപ്പ പറഞ്ഞു.

രാജ്യത്തെ ആൾക്കൂട്ടമരണങ്ങൾ പെരുകുന്നുവെന്നും അതിനെതിരെ പ്രാർത്ഥനയിൽ കൈകോർക്കണമെന്നും മാർപാപ്പ അനുസ്മരിപ്പിച്ചു.