കൊച്ചി: സിറോ മലബാർ സഭ എറണാകുളം -അങ്കമാലി അതിരൂപതയിലെ സെമിനാരികളിൽ ഉടൻ ഏകീകൃത കുർബാന അർപ്പിക്കണമെന്ന് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്തിന്റെ നിർദ്ദേശം. സെമിനാരികളിൽ ഏകീകൃത കുർബാന മാത്രമേ അനുവദിക്കാനാകൂ. തൃക്കാക്കര സേക്രട്ട് ഹാർട്ട് മൈനർ സെമിനാരിയിലും ഗുരുകുലത്തിലും ഏകീകൃത കുർബാന അർപ്പിക്കണമെന്ന് മാർ ആൻഡ്രൂസ് താഴത്ത് കർശന നിർദേശം നൽകി. അനുസരിക്കാൻ തയാറാകാത്ത വൈദികരുടെ വിശദാംശങ്ങൾ 10 ദിവസത്തിനുള്ളിൽ അറിയിക്കാനാണ് സെമിനാരി റെക്ടർക്ക് നിർദേശം നൽകിയിരിക്കുന്നത്.

സിനഡ് തീരുമാനം അംഗീകരിക്കാത്തവരെ തൽസ്ഥാനത്തു നിന്ന് നീക്കുമെന്ന മുന്നറിയിപ്പുമുണ്ട്. മൈനർ സെമിനാരിയുടെ ഭരണച്ചുമതലയുള്ള റെക്ടരുടെ നിർദ്ദേശങ്ങൾ വൈസ് റെക്ടർമാരും സ്പിരിച്വൽ റെക്ടർമാരും നിർബന്ധമായും പാലിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നുണ്ട്. വൈദികർ ഇത് അനുസരിക്കാതിരിക്കുന്നത് സഭാ നിയമങ്ങളുടെ ലംഘനമാണെന്നും നിർദ്ദേശത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

കഴിഞ്ഞ ദിവസം വൈദിക വിദ്യാർത്ഥികളുടെ അഭിമുഖത്തിനായി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ സെമിനാരിയിൽ എത്താൽ ആലോചിച്ചപ്പോൾ വൈസ് റെട്കർമാരും സ്പിരിച്വൽ റെക്ടർമാരുമുൾപ്പെടെ ചില വൈദികർ പ്രതിഷേധിച്ചതായും തുടർന്ന് അഭിമുഖം ആർച്ച് ബിഷപ്പ് ഹൗസിലാണ് നടത്തിയത് എന്നും പാരാതി ഉയർന്നിരുന്നു. ഇത്തരം സമീപനം ക്രൈസ്തവചൈതന്യത്തിനും സഭയുടെ നിയമങ്ങൾക്കും എതിരാണെന്നും കത്തിൽ പറയുന്നുണ്ട്. അതേസമയം കഴിഞ്ഞ ദിവസം മാർ ആൻഡ്റൂസ് താഴത്തിനെ സിനഡ് നിയന്ത്രിക്കണം എന്നാവിശ്യപ്പെട്ട് പരസ്യമായ പ്രതിഷേധങ്ങൾ രൂപതയിലെ വിവിധയിടങ്ങളിൽ നടന്നിരുന്നു.