വിശാല ഹൈദരാബാദ് മുനിസിപ്പല്‍ കോർപറേഷൻ തെരഞ്ഞെടുപ്പില്‍ ആർക്കും കേവല ഭൂരിപക്ഷമില്ല.
ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതിക്കാണ് (ടിആർഎസ്) മുന്നേറ്റം. ഫലം പ്രഖ്യാപിച്ച 131 ഡിവിഷനുകളില്‍ 56 എണ്ണത്തിൽ ടിആർഎസ് വിജയിച്ചു. ബിജെപി 46 സീറ്റും ഓള്‍ ഇന്ത്യ മജ്ലിസ് ഇ-ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) 42 സീറ്റും സ്വന്തമാക്കി. കോൺ​ഗ്രസ് രണ്ട് സീറ്റിലൊതുങ്ങി. ഫലം പൂർണ്ണമായി അർധരാത്രിയോടെ പുറത്തുവരൂ.

ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ഹൈദരാബാദിൽ ആർക്കും കേവല ഭൂരിപക്ഷം ലഭിച്ചില്ല. 150 അംഗങ്ങള്‍ ഉൾപ്പെടുന്നതാണ്ന്ന വിശാല ഹൈദരാബാദ് മുനിസിപ്പല്‍ കോർപറേഷൻ. കഴിഞ്ഞതവണ 99 സീറ്റില്‍ വിജയിച്ച ടിആർഎസിനാണ് ശക്തമായ തിരിച്ചടി നേരിടെണ്ടി വന്നത്. എറ്റവും വലിയ ഒറ്റകക്ഷിയാ‍യി തുടരാൻ സാധിച്ചെങ്കിലും ഭരണം പോലും ലഭിക്കുമോ എന്നതാണ് അവസ്ഥ. ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള ദേശീയ നേതാക്കളെ രംഗത്തിറക്കിയ തന്ത്രം ബിജെപിക്ക് ഗുണം ചെയ്തുവെന്ന് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. കഴിഞ്ഞതവണ ഉണ്ടായിരുന്ന നാല് സീറ്റിൽ നിന്ന് പത്തിരട്ടിയിലധികമാണ് ബി.ജെ.പി വളർന്നത്, വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ വന്‍ മുന്നേറ്റമാണ് ബിജെപി നടത്തിയത്. തപാല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ ബിജെപി പകുതിയോളം സീറ്റുകളില്‍ മുന്നിട്ടുനിൽക്കുകയായിരുന്നു.

വോട്ടെണ്ണല്‍ പുരോഗമിച്ചതോടെ ടിആർഎസും എഐഎംഐഎമ്മും മുന്നേറുന്ന കാഴ്ചയാണുണ്ടായത്. കഴിഞ്ഞതവണ 44 അംഗങ്ങളുണ്ടായിരുന്ന എഐഎംഐഎം അതിനോടടുത്ത സംഖ്യയിലെത്തിയിരിക്കുകയാണ്. വിവിധ രാഷ്ട്രീയ കക്ഷികള്‍ ഊർജിതമായ പ്രചാരണം നടത്തിയിരുന്നെങ്കിലും കൊവിഡ് സാഹചര്യത്തില്‍ പോളിം​ഗ് ശതമാനം വളരെ കുറവായിരുന്നു.