ഹെയ്തിയിലെ അക്രമങ്ങളിൽനിന്ന് 143 പേരെ രക്ഷപെടുത്തി രണ്ട് അമേരിക്കൻ നൈറ്റ്സ് ഓഫ് കൊളംബസ് പ്രവർത്തകർ. ക്യാപ്റ്റൻ ആന്റണി മരിനെല്ലോയും അദ്ദേഹത്തിന്റെ സഹപൈലറ്റ് ബെന്നി മാറ്റോസും തങ്ങളുടെ, സിക്കോർസ്‌കി എസ്-76 എന്ന ഹെലികോപ്റ്ററിൽ ഹെയ്തിയുടെ തലസ്ഥാനമായ പോർട്ട്-ഓ-പ്രിൻസിലേക്കു പോകുകയും ആളുകളെ രക്ഷപെടുത്തുകയുമായിരുന്നു.

മാർച്ചിനും ഏപ്രിലിനുമിടയിലായിരുന്നു ഇരുവരും ചേർന്ന് ഹെലികോപ്റ്ററിൽ രക്ഷാപ്രവർത്തനം നടത്തിയത്. മാർച്ച് ആദ്യം മുതൽ, ഗവൺമെന്റിന്റെ അസ്ഥിരതയും ഹെയ്തിയൻ ക്രിമിനൽസംഘങ്ങളുടെ സ്വതന്ത്രമായ പ്രവർത്തനങ്ങളും കരീബിയൻ രാജ്യത്ത് അക്രമത്തിന്റെയും മരണത്തിന്റെയും ഒരു തരംഗം അഴിച്ചുവിട്ടു. ഈ കലാപത്തിൽ ആയിരക്കണക്കിനാളുകൾ കൊല്ലപ്പെടുകയും പലായനംചെയ്യുകയും ചെയ്തു. ഭീതികരമായ ഈ സമയത്ത് അക്രമം രൂക്ഷമായ സ്ഥലങ്ങളിൽ രാത്രിയിൽ ഹെലികോപ്റ്റർ എത്തിച്ച് ആളുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റുകയായിരുന്നു ആന്റണി മരിനെല്ലോയും ബെന്നി മാറ്റോസും ചെയ്തത്.

മാർച്ച് 10-ന്, വൈകിട്ട് ഏകദേശം 7.30-ഓടെ (പ്രാദേശിക സമയം) ജനപ്രതിനിധി കോറി മിൽസിന്റെ ടീമിൽനിന്ന് മരിനെല്ലോയ്ക്ക് ഒരു കോൾ ലഭിച്ചു:

“ഹെയ്തിയിലെ അമേരിക്കക്കാർക്കായി ഒരു രക്ഷാദൗത്യത്തിൽ പറക്കാൻ നിങ്ങൾക്കു കഴിയുമോ?” ഇതായിരുന്നു ചോദ്യം.

ആദ്യം ഈ കോൾ സത്യമാണെന്ന് ഇവർ കരുതിയിരുന്നില്ല. ക്രിമിനൽസംഘങ്ങൾ നിമിത്തം പോർട്ട്-ഓ-പ്രിൻസ് വിമാനത്താവളം അടച്ചുപൂട്ടേണ്ടിവരികയും നൂറുകണക്കിന് അമേരിക്കൻ പൗരന്മാർ അവിടെ കുരുങ്ങിക്കിടക്കുകയും ചെയ്യുന്നുണ്ടെന്ന വിവരം അറിഞ്ഞപ്പോഴാണ് സ്ഥിതിഗതികൾ രൂക്ഷമാണെന്ന സത്യം ഇവർ തിരിച്ചറിഞ്ഞത്. തങ്ങളെ വിളിച്ചവർ മറ്റു പല പൈലറ്റുമാരെയും ബന്ധപ്പെട്ടുവെങ്കിലും അവരെല്ലാം ആ ആവശ്യം നിരസിക്കുകയായിരുന്നുവെന്നും ഇവർ മനസിലാക്കി. അതോടെ ആ രക്ഷാദൗത്യം ഏറ്റെടുക്കാൻ ഇവർ തീരുമാനിക്കുകയായിരുന്നു.

റോയൽ പാം ബീച്ചിലെ ഔവർ ലേഡി ക്വീൻ ഓഫ് അപ്പോസ്‌തലസ് ഇടവകയിലെ ഡീക്കൻ ആണ് മാറ്റോസ്. സാന്റോ ഡൊമിംഗോയിൽനിന്ന് രക്ഷാദൗത്യത്തിനായി പുറപ്പെടുന്നതിനുമുൻപ് ഇവർ ദൈവാലയത്തിലെത്തി പ്രാർഥിച്ചു. പിന്നെയുള്ള ദൗത്യം ഏറെ ശ്രമകരവും അപകടം പിടിച്ചതുമായിരുന്നു. എങ്കിലും അവിടെയൊക്കെ ദൈവത്തിന്റെ പ്രത്യേക സംരക്ഷണം അനുഭവിക്കാൻ കഴിഞ്ഞുവെന്ന് ഇരുവരും വെളിപ്പെടുത്തുന്നു.