>ഹൂസ്റ്റൺ ∙ ഹൂസ്റ്റൺ ഡാലസ് ബുള്ളറ്റ് ട്രെയ്ൻ യാഥാർത്ഥ്യമാകുന്നു ഫെഡറൽ റഗുലറ്ററി ബോർഡിന്റെ രണ്ടു പ്രധാനപ്പെട്ട കടമ്പകൾ പിന്നിട്ടതായി ടെക്സസ് സെൻട്രൽ റെയ്ൽ റോഡ് അധികൃതർ അറിയിച്ചു. ഉടനെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കു.

ഫെഡറൽ റെയ്ൽ റോഡ് അഡ്മിനിസ്ട്രേഷനും ടെക്സസ് സെൻട്രൽ റെയ്ൽ റോഡ് കമ്പനിയുടെ പ്രസ്താവന ശരിവെച്ചിട്ടുണ്ട്. ഹൂസ്റ്റൺ – ഡാലസ് ദൂരം 90 മിനിട്ടുകൊണ്ടു പൂർത്തിയാക്കുന്ന പദ്ധതിയാണ് ബുള്ളറ്റ് ടെയ്നിലൂടെ പൂർത്തീകരിക്കപ്പെടുക. ഇപ്പോൾ ഹൂസ്റ്റണിൽ നിന്നും ഡാലസിലെത്തണമെങ്കിൽ (240 – 280 മൈൽ) നാലു മണിക്കൂറാണു വേണ്ടിവരുന്നത്.

അമേരിക്കയിൽ ആദ്യമായാണ് ഇത്തരം ഹൈ– സ്പീഡ് റെയ്ൽ സിസ്റ്റം പൂർത്തീകരിക്കപ്പെടുന്നത്. മണിക്കൂറിൽ 200 മൈൽ ആണ് ട്രെയ്നിന്റെ വേഗത. തൊണ്ണൂറുമിനിട്ടു കൊണ്ട് ഡാലസ് –ഹൂസ്റ്റൺ ദൂരം ഓടുന്നതിനിടയിൽ കോളജ് സ്റ്റേഷനും ഹണ്ട്സ് വില്ലിക്കുമിടയിൽ ബ്രസോസ് വാലിയിൽ മാത്രമാണ് ഒരു സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.

പദ്ധതിക്കെതിരെ തടസ്സവാദങ്ങൾ ഉന്നയിക്കപ്പെട്ടിരുന്നു. പന്ത്രണ്ടിലധികം ടെക്സസ് നിയമ സഭാ സമാജികൾ ഈ പ്രൊജക്റ്റ് തുടരുന്നതിനെ എതിർത്ത് ട്രാൻസ്പോർട്ടേഷൻ ഡിപ്പാർട്ട്മെന്റിന് കത്തയച്ചിരുന്നു. 20 ബില്യൻ ഡോളർ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ പ്രവർത്തനങ്ങൾ അടുത്ത വർഷം ആരംഭിക്കും. ബുള്ളറ്റ് ട്രെയ്ൻ പദ്ധതി ഡാലസിന്റെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിനിടയാക്കുമെന്ന് ഡാലസ് മേയർ എറിക് ജോൺസൺ അഭിപ്രായപ്പെട്ടു.