ടെല്‍ അവീവ്: ലബനനിലെ ഹിസ്ബുള്ള ഭീകരസംഘടനയുടെ മുതിർന്ന കമാൻഡർ തലെബ് അബ്ദുള്ളയെ ഇസ്രയേൽ  സേന വധിച്ചതായി റിപ്പോർട്ട് . 

തെക്കുകിഴക്കൻ ലബനനില്‍ ചൊവ്വാഴ്ച രാത്രി നടത്തിയ ആക്രമണത്തില്‍ കമാൻഡറെയും മറ്റ് മൂന്ന് ഹിസ്ബുള്ള ഭീകരരെയും വധിച്ചതായി സേന അറിയിക്കുകയായിരുന്നു. ഹിസ്ബുള്ളയും ഇക്കാര്യം സ്ഥിരീകരിച്ചു.

ഇസ്രേലിസേന വധിക്കുന്ന രണ്ടാമത്തെ സീനിയർ ഹിസ്ബുള്ള കമാൻഡറാണ് അബ്ദുള്ള. വിസാം അല്‍ താവി എന്ന മറ്റൊരു കമാൻഡറെ ജനുവരിയില്‍ വധിച്ചിരുന്നു.

ഇതിനു പ്രതികാരമായി ഇന്നലെ രാവിലെ ഹിസ്ബുള്ള വടക്കൻ ഇസ്രയേലിലേക്ക് റോക്കറ്റ് വർഷം നടത്തി. തൊണ്ണൂറോളം റോക്കറ്റുകള്‍ തൊടുത്തുവെന്നാണ് റിപ്പോർട്ടുകള്‍. 

കുറെ മിസ്സൈലുകളെ വെടിവച്ചിട്ടതായി ഇസ്രേലി സേന അറിയിച്ചു. എന്നാല്‍ കുറെയെണ്ണം ഇസ്രേലി ഭൂമിയില്‍ പതിച്ച്‌ തീപിടിത്തമുണ്ടായി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

ചൊവ്വാഴ്ച ഇസ്രേലിസേനയുടെ ഡ്രോണ്‍ വീഴ്ത്തുന്നതിന്‍റെ വീഡിയോ ഹിസ്ബുള്ള പുറത്തുവിട്ടിരുന്നു. 2023 ഒക്ടോബർ 8 മുതൽ ലെബനൻ-ഇസ്രായേൽ അതിർത്തിയിൽ ഇസ്രായേൽ-ഹിസ്ബുള്ള സേനകൾ വെടിവയ്പ്പ് നടത്തുകയാണ്.