കലിഫോർണിയ ∙ ഒരാഴ്ച മുമ്പ് നടന്ന ട്രംപ്– ബൈഡൻ പ്രസിഡൻഷ്യൽ ഡിബേറ്റ് രാജ്യത്തിനുണ്ടാക്കിയ മാനക്കേട് ഹാരിസ്സ്– പെൻസ് ഡിബേറ്റ് തിരിച്ചു പിടിച്ചു.സോൾട്ട് ലേക്ക്സിറ്റി യൂണിവേഴ്സിറ്റി ഓഫ് യൂറ്റായിൽ വച്ചായിരുന്നു വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥികളായ കമല ഹാരിസ്സും മൈക്ക് പെൻസും തമ്മിലുള്ള ഡിബേറ്റ്.
സുപ്രധാനങ്ങളായ നിരവധി വിഷയങ്ങളിലുള്ള ചോദ്യങ്ങൾ മോഡറേറ്ററായ യുഎസ്എ ടുഡേ പ്രതിനിധി സൂസൻ പേജ് ഇരുസ്ഥാനാർത്ഥികൾക്കായി സമർപ്പിച്ചെങ്കിലും പല വിഷയങ്ങളിലും ഇരുസ്ഥാനാർഥികളും കൃത്യമായി ഉത്തരം നൽകാതെ മറ്റു വിഷയങ്ങളിലേയ്ക്കു കടക്കുകയായിരുന്നു. വൈസ് പ്രസിഡന്റ് പെൻസ് പലവട്ടം അനുവദിച്ച സമയത്തിൽ നിന്നും പരിധി കടന്നു, എങ്കിലും മോഡറേറ്റർ കർശനമായ നിയന്ത്രണത്തിനു ശ്രമിച്ചു.പ്ലെക്സി ഗ്ലാസ്സുകൊണ്ട് തിരിച്ച് 12 അടി അകലത്തിൽ നിന്നായിരുന്നു ഇരുവരും ഡിബേറ്റിൽ പങ്കെടുത്തത്.
ഒന്നരമണിക്കൂർ നീണ്ട ഡിബേറ്റ് 9 സെഗ്മെന്റുകളായി തിരിച്ച് വിവിധ വിഷയങ്ങൾ ഉൾപ്പെടുത്തിയിരുന്നു.കോവിഡ് മഹാമാരിയെ പ്രതിരോധിയ്ക്കാൻ ട്രംപ്– പെൻസ് ഗവൺമെന്റ് സ്വീകരിച്ച നടപടികൾ വൻ പരാജയമായിരുന്നുവെന്നും, രണ്ട് ലക്ഷത്തിപതിനായിരം പേരുടെ ജീവനെടുക്കുകയും 70 ലക്ഷത്തോളം പേർക്ക് രോഗബാധയുണ്ടാകുകയും രോഗബാധ തുടരുകയും ചെയ്യുന്ന സാഹചര്യത്തെക്കുറിച്ച് കമല ഹാരിസ്സ് ആരോപണം ശക്തമായിരുന്നു. പതിനായിരക്കണക്കിനു ബിസിനസ് സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ലക്ഷക്കണക്കിനു അമേരിക്കൻ ജനതയുടെ ജോലി നഷ്ടപ്പെടുകയും ചെയ്തതായി കമല ഹാരിസ് ആരോപിച്ചു.
2019 ജനുവരി 28 ന് കോവിഡ്–19 മഹാമാരിയുടെ ഗൗരവത്തെക്കുറിച്ച് രഹസ്യാന്വേഷണ വകുപ്പ് ട്രംപിന് വിവരം നൽകിയിരുന്നു. എന്നാൽ പ്രസിഡന്റ് ട്രംപോ, വൈസ് പ്രസിഡന്റ് പെൻസോ മാർച്ച് 13 വരെ യാതൊരു നടപടികളും സ്വീകരിച്ചില്ലെന്നും, ജനങ്ങളെ സത്യാവസ്ഥ അറിയിച്ചില്ലെന്നും കമല ഹാരിസ്സ് ആരോപിച്ചു. സമയത്തിന് നടപടികൾ സ്വീകരിച്ചിരുന്നെങ്കിലും ആയിരക്കണക്കിനു മരണം ഒഴിവാക്കാമായിരുന്നു. എന്നാൽ കോവിഡ്–19, വിവരം ലഭ്യമായ ദിവസം തന്നെ വേണ്ട നടപടികൾ സ്വീകരിച്ചുയെന്നും, ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണം നടപ്പാക്കിയെന്നും പെൻസ് തിരിച്ചടിച്ചു. നടപടികൾ സ്വീകരിച്ചില്ലായിരുന്നെങ്കിൽ 22 ലക്ഷം പേർ ഇതിനകം അമേരിയ്ക്കയിൽ കോവിഡ് ബാധയിൽ മരിയ്ക്കുകമായിരുന്നുയെന്ന് പെൻസ് കൂട്ടിച്ചേർത്തു.
വൈറ്റ് ഹൗസിനു മുമ്പിൽ കോവിഡ് സുരക്ഷാ നടപടികൾ സ്വീകരിക്കാതെ നടത്തിയ ചടങ്ങുകൾ കോവിഡ് പകരാൻ ഇടയായതിനെക്കുറിച്ചും, പ്രസിഡന്റിന്റെ ആരോഗ്യ നിലയെക്കുറിച്ചറിയാൻ ജനങ്ങൾക്ക് അവകാശമില്ലെന്നും 750 ഡോളർ മാത്രം ട്രംപ് ടാക്സ് നൽകിയതിനെക്കുറിച്ചും, രാജ്യത്തിന്റെ കമാണ്ടർ– ഇൻ ചീഫ് 400 മില്യൻ ഡോളർ കടക്കാരനെന്നും, 4 ട്രില്യൻ ഡോളർ വൻ ബിസിനസ്സുകൾക്കും പണക്കാർക്കും കോവിഡ് സഹായമായി നൽകിയെന്നുമൊക്കെ കമല ഹാരിസ്സ് ആരോപിച്ചപ്പോൾ, ബൈഡൻ അധികാരത്തിലെത്തിയാൽ ടാക്സ് വർദ്ധനയുണ്ടാവുമെന്നും, ചൈനക്കാർക്ക് അനുകൂലമായ നടപടികൾ സ്വീകരിയ്ക്കാമെന്നും പെൻസ് വാദിച്ചു. ട്രംപിന്റെ എല്ലാ നടപടികളും അമേരിയ്ക്കൻ ജനതയ്ക്കുവേണ്ടിയായിരുന്നു. ഇനിയും അങ്ങനെ മുന്നോട്ട് പോകും. അടുത്ത തെരഞ്ഞെടുപ്പിൽ ട്രംപ് വിജയിച്ച് പ്രസിഡന്റാവും പെൻസ് തറപ്പിച്ചു.
എന്തായാലും ഏറെ ഉയർന്ന നിലവാരമൊന്നും ഈ ഡിബേറ്റിനുണ്ടായിരുന്നില്ലെങ്കിലും അമേരിക്കയുടെ അഭിമാനം കാത്തു.