ജെ കെ റൗളിങ് എന്ന എഴുത്തുകാരി ലോകപ്രസിദ്ധമായ ഹാരി പോട്ടര്‍ പരമ്ബരയിലെ പുസ്തകങ്ങളില്‍ ചിലത് എഴുതിയ സ്കോട്ട്ലന്‍ഡിന്റെ തലസ്ഥാന നഗരിയിലെ കഫെ അഗ്നിക്കിരയായി. തൊട്ടടുത്ത പേസ്ട്രി ഷോപ്പിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്നാണ് എഡിന്‍ബര്‍ഗിലെ എലിഫന്റ് ഹൗസ് എന്ന കഫെ ചൊവ്വാഴ്ച കത്തിനശിച്ചത്.
തീയണയ്ക്കാനായി അറുപതിലധികം അഗ്നിശമന സേനാംഗങ്ങളെയും 12 ഫയര്‍ എഞ്ചിനുകളെയും വിന്യസിച്ചതായി സ്കോട്ടിഷ് ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസ് അറിയിക്കുന്നു. അതില്‍ ഒരു ജീവനക്കാരനെ മുന്‍കരുതല്‍ എന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു. പുറത്തു വരുന്ന ചിത്രങ്ങളില്‍ കഫെയുടെ മുന്‍വശത്തെ ജനാലകള്‍ നശിച്ചതായും ഉള്‍ഭാഗം തകര്‍ന്നതായും കാണാം. കെട്ടിടത്തിന്റെ കത്തിനശിച്ച ഭാഗങ്ങളുടെ അവശിഷ്ടങ്ങള്‍ കഫെയുടെ പുറത്ത് കിടക്കുന്നതും കാണാം. കഫെയിലുണ്ടായ അഗ്നിബാധ മൂലം തന്റെ ബിസിനസിന് വ്യാപകമായ നാശനഷ്ടങ്ങളാണ് സംഭവിച്ചതെന്നും ഈ സംഭവം തന്നെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തു കളഞ്ഞതായും കഫെയുടെ ഉടമ ഡേവിഡ് ടെയ്ലര് പ്രതികരിച്ചതായി ബി ബി സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടി കഫെ മാസങ്ങളോളം അടച്ചിടേണ്ടി വരുമെന്നും അദ്ദേഹം അറിയിച്ചു.
ഹാരി പോട്ടറിന്റെ ആരാധകരെ സംബന്ധിച്ചിടത്തോളം വളരെ പ്രിയപ്പെട്ട സ്ഥലങ്ങളില്‍ ഒന്നാണ് എഡിന്‍ബര്‍ഗിലെ എലിഫന്റ് ഹൗസ് എന്ന ഈ കഫെ. ലോകമെമ്ബാടും വലിയൊരു ആരാധകവൃന്ദം തന്നെയുള്ള ഹാരി പോട്ടര്‍ എന്ന കഥാപാത്രത്തിന്റെ ജന്മസ്ഥലം എന്ന് സൂചിപ്പിക്കുന്ന സൈന്‍ ബോര്‍ഡും വര്‍ഷങ്ങളോളം ഈ കഫെയില്‍ ഉണ്ടായിരുന്നു. എഡിന്‍ബര്‍ഗില്‍ ഹാരി പോട്ടര്‍ ആരാധകരുടെ പതിവ് സന്ദര്‍ശന സ്ഥലം കൂടിയാണ് എലിഫന്റ് ഹൗസ് കഫെ.
എന്നാല്‍, എഡിന്‍ബര്‍ഗിലേക്ക് താമസം മാറുന്നതിന് മുമ്ബ് തന്നെ താന്‍ ഹാരി പോട്ടറിന്റെ മാന്ത്രിക കഥകള്‍ എഴുതി തുടങ്ങിയിരുന്നു എന്ന് പിന്നീട് ജെ കെ റൗളിങ് അവകാശപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഏഴ് പുസ്തകങ്ങള്‍ അടങ്ങിയ ഹാരി പോട്ടര്‍ സീരീസിന്റെ രചനയുടെ വേളയില്‍ പലപ്പോഴും ഈ കഫെ സന്ദര്‍ശിക്കാറുണ്ടായിരുന്നതായി അവര്‍ സമ്മതിക്കുന്നു. മാന്ത്രിക വിദ്യാലയമായ ഹോഗ്വാര്‍ട്ട്സ് സ്കൂള്‍ ഓഫ് വിച്ച്ക്രാഫ്റ്റ് ആന്‍ഡ് വിസാഡെറിയിലെ വിദ്യാര്‍ത്ഥികളായ ഹാരി പോട്ടര്‍ എന്ന കൗമാര മാന്ത്രികന്റേയും ഉറ്റ സുഹൃത്തുക്കളായ റോണ്‍ വീസ്ലി, ഹെര്‍മയോണി ഗ്രെയ്ഞ്ചെര്‍ എന്നിവരുടേയും സാഹസിക കഥകളാണ് ഹാരി പോട്ടര്‍ പരമ്ബരയുടെ ഇതിവൃത്തം.
ചൊവ്വാഴ്ച തീപിടുത്തം നടന്ന പേസ്ട്രി ഷോപ്പിനും അഗ്നിബാധയില്‍ സാരമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. എഡിന്‍ബര്‍ഗിലെ പഴയ നഗരത്തില്‍ ഉണ്ടായ അഗ്നിബാധയുടെ പശ്ചാത്തലത്തില്‍ ബുധനാഴ്ച കഫെ സ്ഥിതി ചെയ്തിരുന്ന തെരുവ് പൂര്‍ണമായി അടച്ചിടുകയും അഗ്നിശമന സേനാംഗങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തനം തുടരുകയും ചെയ്തു.



