സർവാധിപത്യം നേടി എൽഡിഎഫ്. കോർപറേഷനുകൾ ഉൾപ്പെടെയുള്ള തദ്ദേശ ഭരണം എൽഡിഎഫിന് ലഭിച്ചു. ഗ്രാമ പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തുകളിലും എൽഡിഎഫ് തരംഗമാണ് ഉണ്ടായത്.
മുനിസിപ്പാലിറ്റികളിൽ യുഡിഎഫിനാണ് മുന്നേറ്റം. കണ്ണൂർ കോർപറേഷനിൽ യുഡിഎഫിന് കേവല ഭൂരിപക്ഷം ലഭിച്ചു. കണ്ണൂരിലെ 55 ഡിവിഷനിൽ 28 ഇടത്തും യുഡിഎഫ് വിജയിച്ചു.
തിരുവനന്തപുരം കോർപറേഷൻ ഭരണം എൽഡിഎഫ് ഉറപ്പിച്ചു. ബിജെപി ഭരണം പിടിക്കുമെന്ന് അവകാശവാദമുന്നയിച്ച കോർപ്പറേഷനിൽ കഴിഞ്ഞ തവണ നേടിയ സീറ്റ് നേടാനായില്ല. യുഡിഎഫ് തകർന്നടിഞ്ഞ കാഴ്ചയാണ് തലസ്ഥാനത്ത് കണ്ടത്. ഏറ്റവും ഒടുവിലായി പുറത്തുവരുന്ന വിവരം അനുസരിച്ച് എൽഡിഎഫിന് 40, ബിജെപി 30, യുഡിഎഫ് 9 എന്നിങ്ങനെയാണ് സീറ്റുകളുടെ എണ്ണം.
തൃശൂർ കോർപ്പറേഷനിലും ഭരണം എൽഡിഎഫ് നിലനിർത്തി. ആകെയുള്ള 941 ഗ്രാമ പഞ്ചായത്തുകളിൽ 511 ഇടത്ത് എൽഡിഎഫും 369 ഇടത്ത് യുഡിഎഫും 26 ഇടങ്ങളിൽ ബിജെപിയും വിജയിച്ചു. ആറ് കോർപ്പറേഷനുകളിൽ 5 സീറ്റ് എൽഡിഎഫും 1സീറ്റ് യുഡിഎഫും നേടി. മുൻസിപ്പാലിറ്റികളിൽ എൽഡിഎഫ്- 35, യുഡിഎഫ്-45, ബിജെപി-2 എന്നിങ്ങനെയാണ് സിറ്റുകൾ ലഭിച്ചത്. ജില്ലാ പഞ്ചായത്തിൽ എൽഡിഎഫ്- 10, യുഡിഫ്-4 എന്ന നിലയിലാണ. ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ എൽഡിഎഫ്-112, യുഡിഎഫ്- 38, ബിജെപി-1 എന്ന നിലയിലാണ് വിജയം ഉറപ്പിച്ചിരിക്കുന്നത്.
കൊച്ചിൻ കോർപറേഷൻ ഭരണവും എൽഡിഎഫ് പിടിച്ചേക്കും. യുഡിഎഫിന് ഭരണത്തുടർച്ച ലഭിച്ചേക്കില്ലെന്നാണ് ഒടുവിലായി പുറത്തുവരുന്ന ഫലം സൂചിപ്പിക്കുന്നത്. എൽഡിഎഫ് 33 സീറ്റുകൾ നേടിയിരിക്കുകയാണ്. ഇനി രണ്ട് സീറ്റുകളിൽ അനിശ്ചിതിത്വം തുടരുകയാണ്. ഒരു സീറ്റിൽ ടോസ് ചെയ്താണ് വിജയയിലെ പ്രഖ്യാപിക്കുന്നത്. കലൂർ സൗത്തിലാണ് അത്തരത്തിലൊരു കാര്യം നടന്നത്. കൊച്ചി കോർപറേഷനിൽ എൽഡിഎഫ് 33 സീറ്റ് നേടിയപ്പോൾ, യുഡിഎഫ് 30 സീറ്റ് നേടി. ബിജെപി അഞ്ച് സീറ്റുകളും നേടിയിട്ടുണ്ട്. കൊച്ചിയുടെ ഭാവി അരുടെ കൈയ്യിൽ എത്തുമെന്നാണ് ഇനി അറിയേണ്ടത്.
പാലായിൽ നഗരസഭ രൂപീകരിച്ചശേഷം എൽഡിഎഫ് ഭരണം പിടിക്കുന്നത് ചരിത്ര കാഴ്ചയും ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ടു. ജോസ് കെ മാണിക്ക് വൻ മുന്നേറ്റമാണ് പാലയിലുണ്ടായത്. 14 സീറ്റുകളിൽ എൽഡിഎഫ് വിജയിച്ചു. കോട്ടയത്ത് ജോസ് പക്ഷത്തിന്റെ വിടവ് നികത്താൻ യുഡിഎഫും, ജോസ് പക്ഷത്തിനൊപ്പം ചേർന്ന് ജില്ലാ പഞ്ചായത്തുൾപ്പെടെ പിടിക്കാൻ എൽഡിഎഫും കഠിന ശ്രമത്തിലായിരുന്നു. യുഡിഎഫ് കോട്ടയായ കോട്ടയം ജില്ലയിൽ ചെങ്കൊടി പാറിക്കാനുള്ള രാഷ്ട്രീയ കരുനീക്കങ്ങളാണ് സിപിഐഎം നടത്തിയത്. ജോസ് കെ. മാണിയെ മുൻ നിർത്തി പട നയിക്കുക വഴി കെ.എം. മാണിയെന്ന വികാരം കൂടി വോട്ടാക്കുകയായിരുന്നു ഇടത് ലക്ഷ്യം. അവസാന നിമിഷത്തിൽ രണ്ടില ചിഹ്നം ലഭിച്ചത് കരുത്താകുമെന്ന പ്രതീക്ഷയും ജോസി കെ മാണിക്കുണ്ടായിരുന്നു. ഈ തെരഞ്ഞെടുപ്പ് തന്ത്രങ്ങളെല്ലാം ഫലം കണ്ടുവെന്നുവേണം വിലയിരുത്താൻ.