കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്കി.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട്, അനധികൃത സ്വത്ത് സമ്പദനം ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഇഡി അന്വേഷിക്കുന്നത്. ദുബായില്‍ ശിവശങ്കര്‍ നടത്തിയ കൂടികാഴ്ചകള്‍, സ്വപ്നയുടെ സാമ്പത്തിക ഇടപാടുകള്‍ എന്നിവയെല്ലാം അന്വേഷണ വിധേയമാക്കും.
ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ സമര്‍പ്പിച്ച സ്വപ്നയുടെ കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയിലാണ് ഇഡി ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ അപേക്ഷ നല്‍കിയത്.
സ്വപ്ന സുരേഷിനു മുഖ്യമന്ത്രിയുടെ ഓഫിസില്‍ കാര്യമായ സ്വാധീനമുണ്ട്. ശിവശങ്കറുമായി അടുത്ത ബന്ധമാണു സ്വപ്നയ്ക്കുള്ളത്. സ്വപ്നയുടെ ഇടപാടുകള്‍ ദുരൂഹതയുള്ളതാണെന്നു ശിവശങ്കറിന് അറിയാമായിരുന്നെന്നും ഇഡി കോടതിയില്‍ വ്യക്തമാക്കി. സ്വര്‍ണക്കടത്തു കേസില്‍ ശിവശങ്കറിനെ കസ്റ്റംസും എന്‍ഐഎയും നേരത്തെ ചോദ്യം ചെയ്തിരുന്നു.



