സ്വർണക്കടത്തുമായി അർജുൻ ആയങ്കിക്ക് ബന്ധമില്ലെന്ന് അഭിഭാഷകൻ. കേസിൽ മുൻകൂർ ജാമ്യം തേടില്ല. അറസ്റ്റുണ്ടായാൽ ജാമ്യം തേടുമെന്നും അർജുൻ ആയങ്കിയുടെ അഭിഭാഷകൻ പ്രതികരിച്ചു.

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ഇയാൾക്ക് സ്വർണക്കടത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. കേസിൽ പിടിയിലായ ഷെഫീഖിന്റെ ഫോണിൽ നിന്ന് ഇത് സംബന്ധിച്ച് നിർണായക വിവരങ്ങൾ ലഭിച്ചെന്നും കസ്റ്റംസ് വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.

ഇന്ന് രാവിലെ രണ്ട് അഭിഭാഷകർക്കൊപ്പമാണ് അർജുൻ ആയങ്കി കസ്റ്റംസിന് മുന്നിൽ ഹാജരായത്. കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അർജുന് നോട്ടിസ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീന് ഓഫിസിൽ അർജുൻ എത്തിയത്.