കോവിഡ് രോഗ മുക്തരായിട്ടും ബന്ധുക്കള്‍ അനുവദിക്കാത്തകിനെ തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങാനാവാതെ ഹൈദരാബാദില്‍ നിരവധി രോഗികള്‍. നഗരത്തിലെ ഗാന്ധി ഹോസ്പിറ്റലില്‍ ഇത്തരത്തില്‍ അമ്പതില്‍ അധികം പേരുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.

കഴിഞ്ഞ 10-15 ദിവസങ്ങള്‍ക്കിടെ രോഗ മുക്തരായ സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടെയുള്ളവരാണ് രോഗ മുക്തരായ ശേഷവും ആശുപത്രിയില്‍ കഴിയുന്നത്. ഇവര്‍ക്ക് നിലവില്‍ രോഗ ലക്ഷണങ്ങളില്ല. ടെസ്റ്റുകളും നെഗറ്റീവായിക്കഴിഞ്ഞു. ഇവര്‍ക്കിനി കുറച്ച്‌ ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതിയാവും. എന്നാല്‍ ഇവരെ ഏറ്റെടുക്കാന്‍ വീട്ടുകാര്‍ തയ്യാറാവുന്നില്ലെന്നും ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തിട്ടും ഇവരെ സ്വീകരിക്കാന്‍ വീട്ടില്‍ നിന്നും ആരും എത്താത്ത സ്ഥിതിയായിരുന്നു. മണിക്കൂറുകളോളമാണ് ചിലര്‍ ബന്ധുക്കളെ കാത്തിരുന്നത്. തുടര്‍ന്ന് ഇവരെ തിരികെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയും ബെഡ് ഉള്‍പ്പെടെ അനുവദിക്കേണ്ട സാഹചര്യം ഉണ്ടായെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വീണ്ടും പരിശോധന നടത്തി ഈ വ്യക്തികള്‍ രോഗ മുക്തരായെന്ന് ഉറപ്പ് വരുത്തണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ തുടര്‍ച്ചയായി ടെസ്റ്റുകള്‍ നടത്തുക എന്നത് പ്രായോഗികമല്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു.

അമ്പത് വയസ്സിന് മുകളില്‍ ഉള്ളവര്‍, താഴെയുള്ളവര്‍ എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് ഇപ്പോള്‍ ഇവരെ പരിചരിക്കുന്നത്. സംഘത്തില്‍ 90 വയസ്സുകാരിയും, 85 വയസ്സുകാരനും ഉള്‍പ്പെടെയുള്ളവരും ഉണ്ടെന്നും ഗാന്ധി ഹോസ്പിറ്റല്‍ നോഡല്‍ ഓഫീസര്‍ ഡോ. പ്രഭാകര്‍ റാവും ചൂണ്ടിക്കാട്ടുന്നു. ഹൈദരാബാദിലെ കോവിഡ് നോഡല്‍ കേന്ദ്രമാണ് ഹോസ്പിറ്റല്‍.