സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതി മണ്ഡപം ഉദ്ഘാടനത്തിന് എത്താത്തതില്‍ രാഹുല്‍ ഗാന്ധിക്കെതിരെ പ്രതിഷേധം. നെയ്യാറ്റിന്‍കരയിലെ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മൃതിമണ്ഡപം ഉദ്ഘാടനത്തിന് എത്താതിരുന്നതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. പരിപാടിയില്‍ പങ്കെടുത്ത കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, ശശി തരൂര്‍ എം പി തുടങ്ങിയ നേതാക്കള്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചു. സംഭവത്തില്‍ മുതിര്‍ന്ന നേതാക്കള്‍ പ്രതിഷേധം അറിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

ഭാരത് ജോഡോ യാത്ര ആ വഴി കടന്നു പോയെങ്കിലും സ്മൃതിമണ്ഡപം ഉദ്ഘാടനം ചെയ്യാന്‍ രാഹുല്‍ ആശുപത്രിയിലേക്ക് കയറിയില്ല. സ്മൃതിമണ്ഡപം അനാച്ഛാദനം ചെയ്ത് വൃക്ഷത്തൈ നടാനായിരുന്നു തയ്യാറെടുപ്പ്.

രാഹുല്‍ ഗാന്ധി എത്താത്തതിലെ പ്രതിഷേധം കെ സുധാകരനും ശശി തരൂരും ഭാരത് ജോഡോ യാത്രയുടെ സംഘാടകരോട് തുറന്നടിച്ചു. പിന്നീട് ചടങ്ങിന്റെ സംഘാടകരോട് കെപിസിസി നേതൃത്വം ക്ഷമ ചോദിക്കുകയും ചെയ്തു. ഇത്തരം നടപടികള്‍ പാര്‍ട്ടിയുടെ വിശ്വാസ്യത തകര്‍ക്കുമെന്ന് ശശി തരൂര്‍ കെപിസിസി അധ്യക്ഷനടക്കമുള്ളവരോട് പറയുന്നത് ദ്യശ്യങ്ങളില്‍ കാണാം. അതേസമയം, മറ്റ് പരിപാടികള്‍ വൈകിയതിനാലാണ് ഈ പരിപാടി രാഹുല്‍ ഒഴിവാക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം.