ന്യൂഡല്‍ഹി : എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തില്‍ ടോക്കിയോ ഒളിംപിക്സിലെ ഇന്ത്യന്‍ താരങ്ങളെ അതിഥികളായി ക്ഷണിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓഗസ്റ്റ് 15 ന് ചെങ്കോട്ടയില്‍ നടക്കുന്ന ചടങ്ങിലാണ് മുഴുവന്‍ താരങ്ങളും പ്രത്യേക അതിഥികളായി എത്തണമെന്ന ക്ഷണം പ്രധാനമന്ത്രി നടത്തിയത്. ചടങ്ങിന് ശേഷം മുഴുവന്‍ താരങ്ങളുമായും നരേന്ദ്ര മോദി സംവദിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ടോക്കിയോ ഒളിംപിക്സില്‍ പങ്കെടുക്കുന്ന കായിക താരങ്ങള്‍ക്ക് പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും മികച്ച പിന്‍തുണയാണ് നല്‍കുന്നത്. ടോക്കിയോയിലേക്ക് പുറപ്പെടുന്നതിന് മുന്‍പായി താരങ്ങളുമായി പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി ആശയ വിനിമയം നടത്തിയിരുന്നു.

അതിനൊപ്പം വിവിധയിനങ്ങളില്‍ നേട്ടം കൈവരിച്ചവര്‍ക്കും തോല്‍വി ഏറ്റുവാങ്ങിയവര്‍ക്കും പ്രധാനമന്ത്രിയും കേന്ദ്ര കായിക മന്ത്രിയും അടക്കമുള്ളവര്‍ ആശംകള്‍ അറിയിച്ചതും താരങ്ങളുടെ മനോവീര്യം വര്‍ദ്ധിപ്പിക്കുന്നതായിരുന്നു. ഇത്തവണ ഇന്ത്യയുടെ താരങ്ങളെല്ലാം തന്നെ മികച്ച പ്രകടനമാണ് കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്.