പൂന: സ്വര്‍ണ മനുഷ്യന്‍’ എന്നറിയപ്പെട്ടിരുന്ന പുനെ സ്വദേശി സാമ്രാട്ട് ഹിരാമന്‍ മോസെ (39) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ചൊവ്വാഴ്ച സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ച് വളരെ കുറച്ച് ആളുകള്‍ മാത്രമായിരുന്നു സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുത്തിരുന്നത്.
പൂനെയിലെ യേര്‍വാദയിലാണ് ശവസംസ്‌കാര ചടങ്ങുകള്‍ നടത്തിയത്. എട്ടു മുതല്‍ 10 കിലോ വരെ തൂക്കമുള്ള ആഭരണങ്ങള്‍ ധരിക്കുന്നത് ശീലമാക്കിയതോടെയാണ് സാമ്രാട്ട് സ്വര്‍ണ മനുഷ്യന്‍ എന്ന് അറിയപ്പെട്ടു തുടങ്ങിയത്. ഇദ്ദേഹത്തിന് ഭാര്യയും രണ്ടുമക്കളും ഉണ്ട്.
ബിസിനസുകാരനായിരുന്ന സാമ്രാട്ട് മോസെ മുന്‍ എംഎല്‍എ രാംഭാവ് മോസെയുടെ മരുമകനായിരുന്നു. അടുത്തിടെ ഫേസ്ബുക്കില്‍ തന്റെ വ്യാജ പ്രൊഫൈല്‍ നിര്‍മിച്ചു എന്ന് ഇയാള്‍ പരാതിപ്പെട്ടിരുന്നു. 2011 ല്‍ സ്വര്‍ണ മനുഷ്യന്‍ എന്ന് അറിയപ്പെട്ടിരുന്ന മറ്റൊരു വ്യക്തിയായ രമേഷ് വഞ്ചാലെയും ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു.



