കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി എന്‍ഐഎ. കേസിലെ 12-ാം പ്രതിയായ മുഹമ്മദ് അലിയ്ക്ക് ഭീകരവാദ ബന്ധമുണ്ടെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചു. സ്വർണക്കടത്ത് കേസിലെ എൻഐഎ അന്വേഷണം തൃപ്തികരമാണെന്ന് കോടതി വ്യക്തമാക്കി.

കസ്റ്റഡിയിലുള്ള പ്രതികള്‍ കൂടുതല്‍ സ്വര്‍ണം കടത്തുന്നതിന് ആസൂത്രണം നടത്തിയെന്ന സുപ്രധാന വിവരവും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ഇതിനു പിന്നാലെ കേസിലെ ഒരു പ്രതിക്ക് തീവ്രവാദബന്ധമുണ്ടെന്ന് എൻഐഎ വ്യക്തമാക്കി. ഏതു പ്രതിക്കാണ് തീവ്രവാദബന്ധമുള്ളതെന്ന് കോടതി ആരാഞ്ഞു. ഇതോടെയാണ് തൊടുപുഴയില്‍ അദ്ധ്യാപകന്റെ കൈവെട്ടിയ കേസില്‍ കോടതി വെറുതെ വിട്ട മുഹമ്മദ് അലിക്കാണ് തീവ്രവാദ ബന്ധമുള്ളതെന്ന് എൻഐഎ അറിയിച്ചത്.

കേസ് ഡയറിയും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങളും കോടതി പരിശോധിച്ചു. ഇതിനു ശേഷം കോടതി 10 പ്രതികളുടെ ജാമ്യാപേക്ഷയും ബുധനാഴ്ച വിശദമായ വാദം കേള്‍ക്കലിനായി മാറ്റിവച്ചു. സ്വപ്നയുടെ ജാമ്യാപേക്ഷ വ്യാഴാഴ്ച കോടതി പരിഗണിക്കും.