തിരുവനന്തപുരം: സ്വര്‍ണകടത്ത് കേസില്‍ മാധ്യമപ്രവര്‍ത്തകനെ ചോദ്യം ചെയ്യാന്‍ എന്‍ ഐ എയും കസ്റ്റംസും. ജനം ടി വി ന്യൂസ് എഡിറ്റര്‍ – കോര്‍ഡിനേഷന്‍ അനില്‍ നമ്പ്യാരെയാണ് എന്‍ഐഎയും കസ്റ്റംസും ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. നോട്ടീസ് നല്‍കിയാകും വിളിപ്പിക്കുക.

കസ്റ്റംസ് ആകും ആദ്യം ഇയാളെ ചോദ്യം ചെയ്യുക. കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്ത് ഈ ആഴ്ച ഹാജരാകാന്‍ വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം. കേസില്‍ കസ്റ്റംസ് സമന്‍സും ഉടന്‍ നല്‍കും.

ജൂലൈ അഞ്ചിനാണ്‌ നയതന്ത്ര ബാഗേജ്‌ വഴിയുള്ള സ്വര്‍ണക്കടത്ത്‌ കസ്‌റ്റംസ്‌ പിടികൂടുന്നത്‌. അതേദിവസം ഉച്ചയ്‌ക്ക് സ്വപ്ന സുരേഷും അനില്‍ നമ്പ്യാരും ഫോണില്‍ നിരവധി തവണ ബന്ധപ്പെട്ടതായി പറയുന്നത്‌. സ്വപ്നയും അനില്‍ നമ്പ്യാരും പല തവണ നേരില്‍ കണ്ട് സംസാരിച്ചിട്ടുണ്ടെന്നും കസ്റ്റംസ് കണ്ടെത്തിയിരുന്നു.

അതേ സമയം ജനം ടി വിയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനെ സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യുന്നത് ആര്‍ എസ് എസ് നേതൃത്വത്തെയും ബിജെപി നേതൃത്വത്തെയും ഒരു പോലെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഒന്നിലധികം തവണ ചോദ്യം ചെയ്യല്‍ തുടര്‍ന്നാല്‍ ഇദ്ദേഹത്തെ ചാനലില്‍ നിന്നും ഒഴിവാക്കിയേക്കുമെന്നാണ് സൂചന. പ്രമുഖ മാധ്യമപ്രവര്‍ത്തകനായ ജി കെ സുരേഷ് ബാബുവാണ് ജനം ടി വി എഡിറ്റര്‍.