കൊച്ചി ∙ ബെംഗളൂരുവില്‍ ലഹരിമരുന്നു കേസില്‍ പിടിയിലായ കൊച്ചി സ്വദേശി മുഹമ്മദ് അനൂപിന്റെ ഫോണ്‍ കോണ്‍ടാക്‌ട് ലിസ്റ്റില്‍ സ്വര്‍ണക്കടത്തു കേസിലെ പ്രതി കെ.ടി. റമീസും കേരള രാഷ്ട്രീയത്തിലെ ഉന്നതന്റെ അടുത്തബന്ധുവും. സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ ബെംഗളൂരുവില്‍ അറസ്റ്റിലായ ജൂലൈ 10ന് മുഹമ്മദ് അനൂപ് രാഷ്ട്രീയ ഉന്നതന്റെ ബന്ധുവിനെ പല തവണ വിളിച്ചിട്ടുണ്ട്.
ടെലിവിഷന്‍ സീരിയല്‍ നടി ഡി. അനിഖയോടൊപ്പമാണ് മുഹമ്മദ് അനൂപും മറ്റൊരു മലയാളിയായ ആര്‍.രവീന്ദ്രനും കേന്ദ്ര ലഹരിവിരുദ്ധ അന്വേഷണ ഏജന്‍സിയായ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍സിബി) പിടിയിലാകുന്നത്.
സ്വര്‍ണക്കടത്തു പിടിക്കപ്പെട്ട ഉടന്‍ കുടുംബത്തോടൊപ്പം ഒളിവില്‍പോയ സ്വപ്നയും ഇവര്‍ക്കൊപ്പം കൂടിയ സന്ദീപ് നായരും എന്തുകൊണ്ടാണ് ഒളിത്താവളമായി ബെംഗളൂരു തിരഞ്ഞെടുക്കാന്‍ കാരണമെന്ന അന്വേഷണ സംഘങ്ങളുടെ ചോദ്യങ്ങള്‍ക്കു വ്യക്തമായ മറുപടി നല്‍കിയിട്ടില്ല.
കൊച്ചിയില്‍ നിന്നു സന്ദീപിന്റെ വാഹനത്തില്‍ കര്‍ണാടക അതിര്‍ത്തി കടന്നതിനു ശേഷം ബെംഗളൂരു വരെ അപരിചിത വാഹനം പിന്തുടര്‍ന്നതായി സ്വപ്ന മൊഴി നല്‍കിയിരുന്നു.
കൊച്ചിയിലെ ലഹരി പാര്‍ട്ടികളിലും മുഹമ്മദ് അനൂപ് സജീവമായിരുന്നു. ഒരു വര്‍ഷം മുന്‍പാണു താവളം ബെംഗളൂരുവിലേക്കു മാറ്റിയത്. സ്വര്‍ണക്കടത്തിനു കൂടുതല്‍ പണം സ്വരൂപിക്കാന്‍ റമീസ് ലഹരി റാക്കറ്റിന്റെ സഹായം തേടിയതിനു ശേഷമാണു നയതന്ത്ര പാഴ്സല്‍ വഴി സ്വര്‍ണം കടത്തുന്ന വിവരം ചോര്‍ന്നതെന്നു പ്രതികള്‍ പലരും മൊഴി നല്‍കിയിട്ടുണ്ട്.



